ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു; വന്‍ദുരന്തം ഒഴിവായി

By Web TeamFirst Published Oct 8, 2019, 9:49 PM IST
Highlights

തീ പടര്‍ന്ന് കുട്ടികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ, മേശ, കസേര, ബഞ്ചുകൾ എന്നിവ നശിച്ചു. ഓടിട്ട മേൽക്കൂരയിലും കഴുക്കോൽ ,പട്ടിക, കതകുകൾ, കട്ടിള എന്നിവയിലും തീ പടർന്നു പിടിച്ചു.

ചെങ്ങന്നൂർ:  ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് അംഗനവാടി തകര്‍ന്നു. മുളക്കുഴ പത്താം വാർഡിൽ പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ വകുപ്പിന്റെ 73-ാം നമ്പർ അംഗൻവാടി കെട്ടിടമാണ്  ശക്തമായ ഇടിയിലും മിന്നലിലും തകര്‍ന്നത്. മിന്നലേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി സ്വിച്ച് ബോർഡിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

തീ പടര്‍ന്ന് അംഗൻവാടിയിലെ സാധന സാമഗ്രികൾ, കുട്ടികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ, മേശ, കസേര, ബഞ്ചുകൾ എന്നിവ നശിച്ചു. ഓടിട്ട മേൽക്കൂരയിലും കഴുക്കോൽ ,പട്ടിക, കതകുകൾ, കട്ടിള എന്നിവയിലും തീ പടർന്നു പിടിച്ചു. മുറിയിലെ ജനാലച്ചില്ലും തകർന്നു. മുറിയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിലേയ്ക്ക് തീ പടർന്നു പിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവായി. 

സമീപവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ചെങ്ങന്നൂരിൽ നിന്നും  അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അഞ്ചു മുറികൾ ഉള്ള കെട്ടിടത്തിന്റെ ഒരു മുറി പൂർണ്ണമായും, മറ്റൊരു മുറി ഭാഗികമായും തകർന്നു. വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിച്ചു വന്നത്. കാരയ്ക്കാട് പൂവക്കാട്ടിൽ മേരിക്കുട്ടി ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്.

click me!