കുരുന്നുകളെ സ്വീകരിക്കാൻ‍ അണിഞ്ഞൊരുങ്ങി ദേവികുളം എല്‍.പി സ്കൂൾ; പഞ്ചായത്ത് ഭരണസമിതിക്ക് ആദരം

By Web TeamFirst Published Jul 6, 2020, 5:11 PM IST
Highlights

സമീപ വര്‍ഷങ്ങളായി ദേവികുളത്തെ എല്‍.പി സ്‌കൂള്‍ മുന്നേറ്റത്തിന്റെ പാതയിലാണെന്നും അതിന് പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അധ്യാപകരും പി.ടി.എ അംഗങ്ങളും പറഞ്ഞു. 

ഇടുക്കി: ദേവികുളം പഞ്ചായത്ത് ഭരണസമിതിയ്ക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം. ദേവികുളം എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തിലാണ് ഭരണസമിതിയെ അനുമോദിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളിന് ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു അനുമോദന യോഗം. കൊവിഡ് പ്രൊട്ടോക്കേള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.
അധ്യാപകരും പി.ടി.എ അംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ സംബന്ധിച്ചത്. 

സമീപ വര്‍ഷങ്ങളായി ദേവികുളത്തെ എല്‍.പി സ്‌കൂള്‍ മുന്നേറ്റത്തിന്റെ പാതയിലാണെന്നും അതിന് പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അധ്യാപകരും പി.ടി.എ അംഗങ്ങളും പറഞ്ഞു. കൊവിഡ് കാലത്ത് കുട്ടികള്‍ സ്‌കൂളിലെത്താത്ത സാഹചര്യത്തില്‍ പഞ്ചായത്തിന്റെ സഹായത്തോടെയും അധ്യാപകരുടെ നേതൃത്വത്തിലും സ്‌കൂള്‍ കെട്ടിടം നവീകരിക്കുകയും മോടിയാക്കുകയും ചെയ്തിരുന്നു. 

വീണ്ടും കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് അനുഭവവേദ്യമാകുന്ന രീതിയില്‍ സ്‌കൂള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പരിസരങ്ങളും കെട്ടിടങ്ങളും വര്‍ണാഭമാക്കിയിട്ടുണ്ട്. സ്‌കൂള്‍ ഭിത്തികളിലും ചുമരുകളിലും ചിത്രങ്ങള്‍ വരച്ച മൂന്നാര്‍ പെരിയവര ആനമുടി സ്വദേശിയായ മദല്‍ലാലിനെയും ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ ഷാള്‍ അണിയിച്ചു. അംഗങ്ങള്‍ക്ക് ഹെഡ് മാസ്റ്റര്‍ ആര്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്മരണിക കൈമാറി.

ദേവികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രമണ്യന്‍ അപ്പാവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വേല്‍മയില്‍ദാസ് എന്നിവര്‍ക്കായിരുന്നു ആദരമര്‍പ്പിച്ചത്. പി.ടി.എ പ്രസിഡന്റ് എസ്.മണികണ്ഠന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

click me!