
കോഴിക്കോട് : വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവിയോൺമെൻറ്), 'പച്ചയും ചുവപ്പും' എന്ന പേരിൽ ഒരു സമഗ്ര മാലിന്യ നിർമ്മാർജന പദ്ധതി നടപ്പിലാക്കുന്നു. സ്കൂളുകൾക്ക് പുറമെ വീടുകൾ ഉൾപ്പെടെ എല്ലാ പൊതു, സ്വകാര്യ ഇടങ്ങളിലും പദ്ധതി നടപ്പാക്കാനാണ് ശ്രമം.
മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമാകാൻ കഴിയുമെന്ന വിശ്വാസത്തിൽ ഈ പദ്ധതി സംസ്ഥാന സർക്കാരിനും കോഴിക്കോട് ജില്ലാ കളക്ടർക്കും മുമ്പാകെ പരിഗണനയ്ക്കായി സമർപ്പിക്കും. പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണത്തിനായി ചുവപ്പ്, പച്ച നിറങ്ങളിലുള്ള രണ്ട് പെട്ടികൾ സ്ഥാപിക്കുകയാണ് ചെയ്യുക. പച്ച പെട്ടിയിൽ മണ്ണിൽ അലിയുന്ന മാലിന്യങ്ങളും ചുവപ്പിൽ മണ്ണിൽ അലിയാത്തവയും നിക്ഷേപിക്കണം. പച്ച പെട്ടിയിലെ മാലിന്യങ്ങൾ തദ്ദേശീയമായി തന്നെ സംസ്കരിക്കാം. ചുവപ്പ് പെട്ടിയിലെ മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റണം.
ക്ലാസ് മുറികൾ, വീടുകൾ, ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് പുറമേ പൊതു കവലകളിലും മറ്റും ഇത്തരം പെട്ടികൾ സ്ഥാപിക്കാം. സേവിന്‍റെ 'ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി'യുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി 25 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യം വടകര വിദ്യാഭ്യാസ ജില്ലയിൽ നിന്നും ശേഖരിച്ചതിന്‍റെ അനുഭവത്തിലാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam