കാസർകോട് : കനത്തകാറ്റിലും മഴയിലും വൈദ്യുതി ലൈനിൽ മരക്കൊമ്പ് പൊട്ടിവീണ് തീപടർന്ന് പിടിച്ച വിവരം അറിയിച്ചിട്ടും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം. രാജപുരം വൈദ്യുതി സെക്ഷന് കീഴിലെ എടത്തോട് ടൗണിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മരം പൊട്ടിവീണ് വൈദുതി കമ്പിയിൽ തീപടർന്നത്. എടത്തോട് പരപ്പ റോഡിൽ കൂടി കടന്നുപോകുന്ന ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം പൊട്ടി വീണതാണ് അപകടത്തിന് കാരണം.
തീപടർന്നതിനാൽ കത്തിയമർന്ന വൈദ്യുതി ലൈൻ പൊട്ടി നിലത്തു വീണു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. വൈദുതി ബന്ധം വിച്ഛേദിക്കാൻ നാട്ടുകാർ രാജപുരം വൈദ്യുതി ഓഫീസിലേക്ക് പലതവണ വിളിച്ചിട്ടും ഫോൺ റിങ്ങ് ചെയ്തതല്ലാതെ ആരും എടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വെള്ളരിക്കുണ്ട് പോലീസിലും വിവരം നൽകിയിരുന്നു. പോലീസും സ്ഥലത്തെത്തി. പിന്നീട് പെരിയ വൈദ്യുതി ഓഫീസിൽനിന്നും ഇതുവഴിയുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam