
മലപ്പുറം: കോഴിമുട്ടക്കുള്ളിലെ കരുവിനെല്ലാം പച്ച നിറം!. കേൾക്കുമ്പോ ഒരമ്പരപ്പ് തോന്നുമല്ലേ. എന്നാൽ ഇത് യഥാർത്ഥ സംഭവം തന്നെ. ഒതുക്കുങ്ങൽ ഗാന്ധി നഗറിലെ അമ്പലവൻ കുളപ്പുരക്കൽ ശിഹാബിന്റെ വീട്ടിലെ കോഴികളിടുന്ന മുട്ടകളിലാണ് ഈ പ്രതിഭാസം. കാലങ്ങളായി വിവിധ ഇനം കോഴികളെ വളർത്തി വരുന്ന ശിഹാബിന്റെ വീട്ടിൽ ഇപ്പോൾ വിവരമറിഞ്ഞ് ഒട്ടേറെ പേർ എത്തുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാൻ ഒരു മുട്ടപ്പൊട്ടിച്ചപ്പോഴാണ് പച്ച നിറം ശ്രദ്ധയിൽ പെട്ടത്. കേടാകുമെന്ന് കരുതി മറ്റൊന്നെടുത്തു. അതും തഥൈവ.
പിന്നീട് എടുത്ത മുട്ടകളുടെ കരുവിനെല്ലാം പച്ചനിറം കണ്ടതോടെ ഇവയെ ശിഹാബ് വിരിയിക്കാൻ വെച്ചു. വിരിഞ്ഞിറങ്ങിയ കോഴികൾ പ്രായമായി മുട്ടയിട്ടു തുടങ്ങിയപ്പോഴും ഇവക്കുള്ളിലും പച്ചക്കരുതന്നെ. നൂറോളം വിവിധ ഇനത്തിൽപ്പെട്ട കോഴികൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനമായും നാടൻ, കരിങ്കോഴി, ഫാൻസി കോഴികൾ എന്നിവയാണ്. എല്ലാറ്റിനെയും വളർത്തുന്നത് ഒരുമിച്ച് ഒരിടത്തു തന്നെയാണ്. അടവെച്ച മുട്ടകൾ വിരിയാൻ തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് കോഴിമുട്ട ഭക്ഷ്യയോഗ്യമാണെന്ന വിശ്വാസം വന്നത് തന്നെ.
പച്ച കോഴിമുട്ടയുടെ കാര്യം നാട്ടിലറിഞ്ഞതോടെ ശിഹാബിന്റെ കോഴികൾക്കും മുട്ടക്കും നാട്ടിൽ ഏറെ ആവശ്യക്കാരാണുള്ളത്. പരുത്തിക്കുരു, പച്ചപ്പട്ടാണി തുടങ്ങിയവ ഭക്ഷണമായി നൽകിയാൽ മുട്ടക്കൾക്ക് ഇത്തരത്തിൽ പച്ച നിറം വരാൻ കാരമാകുമെന്നാണ് പറയുന്നത്. അതേസമയം ഇദ്ദേഹം തന്റെ കോഴികൾക്ക് അത്തരം തീറ്റകളൊന്നും നൽകുന്നില്ല. ഇതേ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമെ കാരണം വ്യക്തമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam