
കായംകുളം: വിവാഹം (wedding) കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം (Bride) താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന്‍ (Groom) മുങ്ങി. കായംകുളം സ്വദേശിയായ വരനെ തേടി അടൂര്‍ പൊലീസ് കായംകുളത്തെത്തി. വധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനക്ക് കേസ് എടുത്തു. കായംകുളം ഫയര്‍സ്റ്റേഷന് സമീപം തെക്കേടത്ത് തറയില്‍ റഷീദിന്റെയും ഷീജയുടെയും മകനായ അസ്ഹറുദ്ദീനാണ് അടൂര്‍ പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയത്. കഴിഞ്ഞ ജനുവരി 20ന് ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് 31 ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ പഴകുളത്തെ വധൂഗൃഹത്തില്‍ നിന്നും പുറപ്പെട്ടത്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ നവവരന്‍ പോകാറില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചങ്ങാതിയാണ് അപകടത്തില്‍പ്പെട്ടതെന്നും വളരെ സീരിയസാണെന്നും പറഞ്ഞാണ് അസറുദ്ദീന്‍ പോയതെന്ന് വധുവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആദ്യമൊക്കെ എടുത്തു. ആശുപത്രിയിലേക്ക് പൊയിക്കൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.
തുടര്‍ന്ന് വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരെയും വിവരം അറിയിച്ചു. ഇയാളെ കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അസറുദ്ദീന്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. എന്നാല്‍, ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് വരന്റെ മാതാപിതാക്കള്‍ വധുവിന്റെ വീട്ടുകാരോട് പറഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam