
കോഴിക്കോട്: കോൺഗ്രസ് (Congress) ഭരിക്കുന്ന കോഴിക്കോട് (Kozhikode) ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജീവനക്കാരനായ മണ്ഡലം പ്രസിഡണ്ടിനെ ബാങ്കില്‍ നിന്ന് പിരിച്ച് വിട്ടതോടെ ഭരണ സമിതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. ബാങ്ക് ചെയര്‍മാന്‍ ജി സി പ്രസാദ് കുമാറിനെ ബാങ്കില്‍ നിന്ന് പുറത്താക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. ഡിസിസി നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം പ്രവർത്തകർ.
2019 ലെ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയാണ് പുതിയ സംഭവം. തുടർച്ചയായി രണ്ട് ടേമിൽ കൂടുതൽ ഭരണസമിതിയിലുളളവർ മാറിനിൽക്കണമെന്ന് ചേവായൂർ ബാങ്കിന്‍റെ പരിധിയിലുള്ള മെഡി. കോളേജ്, ചേവായൂർ, കോട്ടൂളി, കോവൂർ എന്നീ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. സഹകരണ ബാങ്ക് ഭരണസമിതികളിൽ വർഷങ്ങളായി നേതാക്കൾ തുടരുന്നതിനെതിരെ നടപടിയെടുത്ത കെപിസിസി നിലപാടിനൊപ്പം നിന്ന നേതാക്കൾ സമാന്തര പാനലുണ്ടാക്കി മത്സരിച്ചു.
പക്ഷേ നിലവിലെ അധ്യക്ഷൻ ജി സി പ്രശാന്ത് കുമാർതന്നെ ജയിച്ചു. പാർട്ടി നിലപാടിനൊപ്പം നിന്ന നേതാക്കൾക്ക് ഡിസിസി കാരണം കാണിക്കൽ നോട്ടീസും നൽകി. ഏറ്റവുമൊടുവിൽ ബാങ്കിലെ അക്കൗണ്ടന്റ് കൂടിയായ ചേവായൂർ മണ്ഡലം പ്രസിഡന്‍റ് ഉല്ലാസ് കുമാറിനെ പിരിച്ചുവിട്ടു. മേലുദ്യോഗസ്ഥനോട് കയർത്ത് സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ പ്രതികാര നടപടിയെന്നും ഇത്തരം കീഴ് വഴക്കം കേട്ടുകേൾവി പോലുമില്ലെന്നും ഒരുവിഭാഗം ജീവനക്കാർ പറയുന്നു. പ്രശ്നത്തിലിടപെടാൻ മടിക്കുന്ന ഡിസിസിക്കെതിരെ ഒരുവിഭാഗം നേതാക്കൾ കഴിഞ്ഞ ദിവസം കൺവെൻഷൻ ചേർന്ന് പ്രമേയമവതരിപ്പിച്ചു. ഡിസിസിക്കും ബാങ്കിനും മുന്നിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam