ഭര്‍തൃവീട്ടുകാര്‍ മകനെ തടഞ്ഞുവച്ചു; ഒടുവില്‍ അമ്മയുടെ പ്രതിഷേധത്തിന് മുന്നില്‍ കീഴടങ്ങി പൊലീസ്

Web Desk   | Asianet News
Published : Dec 27, 2021, 03:52 PM IST
ഭര്‍തൃവീട്ടുകാര്‍ മകനെ തടഞ്ഞുവച്ചു; ഒടുവില്‍ അമ്മയുടെ പ്രതിഷേധത്തിന് മുന്നില്‍ കീഴടങ്ങി പൊലീസ്

Synopsis

സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാ പൊലീസ് അടക്കമുള്ളവർ ചേർന്ന് ബലംപ്രയോഗിച്ച് തന്‍റെയടുക്കൽ നിന്ന് നീക്കി. സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച സമയത്ത് പൊലീസുകാര്‍ തന്നെ അസഭ്യവര്‍ഷം നടത്തിയെന്നും യുവതി ആരോപിക്കുന്നു.   

മാന്നാർ: ഭർതൃവീട്ടുകാരില്‍ നിന്നും മകനെ വിട്ടുകിട്ടാന്‍ ഒരു അമ്മ മാന്നാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത് 15 മണിക്കൂറോളം. ഭർതൃവീട്ടിൽ നിന്ന് മകനെ വിട്ടുകിട്ടാൻ നൽകിയ പരാതിക്ക് നീതിലഭിക്കാത്തതിനാലാണ് യുവതി പോലീസ് സ്റ്റേഷന് മുന്നിൽ  മണിക്കൂറോളം പ്രതിഷേധിച്ചത്. അർധരാത്രിയോടെ യുവതിയുടെ പ്രതിഷേധത്തിന് മുന്നിൽ മാന്നാര്‍ പൊലീസിന് കീഴടങ്ങേണ്ടിവന്നു. ഒടുവില്‍ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് അമ്മയ്ക്ക് കൈമാറി. എന്നാല്‍, ഈ നേരമത്രയും പൊലീസ് തനിക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയതായി യുവതി ആരോപിച്ചു. 

ശനിയാഴ്ച മാന്നാർ പൊലീസ് സ്റ്റേഷനിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകയ്ക്ക് താമസിക്കുന്ന സ്നേഹ(26)യാണ് മകൻ നാല് വയസ്സുള്ള അശ്വിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ബുധനൂർ മനോജ്ഭവനത്തിൽ സുനിലുമായി 2014 -ൽ രജിസ്റ്റർ വിവാഹം ചെയ്യുകയും ഭർതൃവീട്ടുകാരുടെ മോശം പെരുമാറ്റം മൂലം ഭർത്താവുമായി വാടകയ്ക്ക് മാറി താമസിക്കുകയായിരുന്നെന്നും സ്നേഹ പറയുന്നു. 

ആദ്യകുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചിരുന്നു. രണ്ടാമത്തെ മകനായ അശ്വിന്‍റെ പേരിടീൽ ചടങ്ങിന് ശേഷം ഭർത്താവ് സുനിൽ വിദേശത്തേക്ക് പോയി. 2020 ജൂലായിൽ താൻ കൊവിഡ് ബാധിച്ച് ക്വാറന്‍റീനിലായിരിക്കുമ്പോൾ കുഞ്ഞിനെ ഭർതൃവീട്ടുകാർ കൊണ്ടുപോയി. എന്നാല്‍, ക്വാറന്‍റീന്‍ കാലം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ തിരികെ നൽകാനോ കാണാനോ അനുവദിക്കാതെ ഭര്‍ത്തൃ വീട്ടുകാര്‍ തന്നെ മാറ്റിനിർത്തിയതായും യുവതി പറയുന്നു. 2020 സെപ്റ്റംബറിൽ മാന്നാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയില്ലാതായപ്പോള്‍, കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഡിവൈ. എസ്. പി. ക്കും പരാതിനൽകി. 

തുടർന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാർ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിളിപ്പിച്ചു. എന്നാല്‍, ഭർത്താവ് നാട്ടിലെത്തുമ്പോൾ ഒത്തുതീർപ്പുണ്ടാക്കാമെന്നറിയിച്ച് പൊലീസ് തന്നെ പറഞ്ഞു വിടാൻ ശ്രമിച്ചതായി യുവതി പറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാ പൊലീസ് അടക്കമുള്ളവർ ചേർന്ന് ബലംപ്രയോഗിച്ച് തന്‍റെയടുക്കൽ നിന്ന് നീക്കിയതായും സ്നേഹ പറയുന്നു. പൊലീസ് തന്നെ ബലമായി സ്റ്റേഷന് പുറത്താക്കുകയും അസഭ്യം പറയുകയും ചെയ്തതായും സ്നേഹ ആരോപിക്കുന്നു. തുടർന്നായിരുന്നു സ്നേഹയുടെ പ്രതിഷേധം. 

രാത്രി പതിനൊന്നോടെ മാന്നാർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്നേഹയെയും കൂട്ടി ഭർതൃവീട്ടിലെത്തിയ പൊലീസ് മകനെ സ്റ്റേഷനിലെത്തിച്ച് വ്യവസ്ഥകളോടെ യുവതിക്ക് കൈമാറുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഭർതൃവീട്ടിലേക്ക് പോകുന്നവഴിയും തനിക്ക് നേരെ പൊലീസ് അസഭ്യവർഷം നടത്തിയതായും ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും യുവതി പറഞ്ഞു. കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് കുട്ടിയുടെ പിതാവ് സുനിൽ വിദേശത്തുനിന്ന് ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി ഇൻസ്പെക്ടർ ജി. സുരേഷ്കുമാർ പറഞ്ഞു. പിന്നീട് ഒരാഴ്ചത്തേക്ക് വിട്ടുകൊടുക്കാൻ പറഞ്ഞതിനാലാണ് രാത്രിയോടെ കുട്ടിയെ വിട്ടുകൊടുത്തത്. യുവതിയുടെ അടുത്ത് മകൻ സുരക്ഷിതനല്ലെന്ന് സുനിൽ പറഞ്ഞതായി പൊലീസ് പറയുന്നു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി