മാന്നാറിൽ അതിഥി തൊഴിലാളിയുടെ സത്യസന്ധതയിൽ യുവാവിന് വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് തിരികെ കിട്ടി

By Web TeamFirst Published Jul 11, 2021, 10:23 PM IST
Highlights

മാന്നാറിൽ അതിഥി തൊഴിലാളിയുടെ സത്യസന്ധതയിൽ അജിത്തിന് വിലപ്പെട്ട രേഖകൾ തിരികെ കിട്ടി

മാന്നാർ: അതിഥി തൊഴിലാളിയുടെ സത്യസന്ധതയിൽ അജിത്തിന് വിലപ്പെട്ട രേഖകൾ തിരികെ കിട്ടി. പാവുക്കര കരയോഗം സ്കൂളിന് സമീപം അമൃതം വീട്ടിൽ അജിത്കുമാറിനാണ് വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തൻ്റെ ഫോണിലേക്ക് വന്ന ഹിന്ദി കലർന്ന മലയാളത്തിലുള്ള സംസാരം കേട്ട് അജിത് ഒന്നമ്പരന്നു. മണി പേഴ്സ് കിട്ടിയിട്ടുണ്ട്, മാന്നാർ ടൗണിലുള്ള താജ് ട്രാവൽസിന് സമീപം എത്തിയാൽ തിരികെ നൽകാമെന്നായിരുന്നു  അതിഥി തൊഴിലാളി പറഞ്ഞത്. അപ്പോഴാണ് അജിത് കുമാർ പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പറഞ്ഞ സ്ഥലത്ത് എത്തി നഷ്ടപ്പെടുമായിരുന്ന തൻ്റെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് ഏറ്റുവാങ്ങി.
 
ബംഗാൾ സ്വദേശിയായ ഷെയ്ഖ് സുലൈമാൻ എന്ന അതിഥി തൊഴിലാളിയുടെ സത്യ സന്ധതക്ക് പകരം നൽകാൻ ഒന്നിനുമാവില്ലെന്നാണ് അജിത്കുമാർ പറയുന്നത്. പാരിതോഷികം നൽകിയെങ്കിലും അത് വാങ്ങാൻ സുലൈമാൻ തയ്യാറായില്ല. അയ്യായിരത്തോളം രൂപയും ബാങ്ക് കാർഡുകളും ജോലി സംബന്ധമായ രേഖകളും അടങ്ങിയ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സാണ് തിരികെ ലഭിച്ചത്. 

പതിനൊന്ന് വർഷമായി കേരളത്തിൽ കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ഷെയ്ഖ് സുലൈമാൻ  മാന്നാറിൽ എത്തിയിട്ട് ആറു വർഷമായി.  നാട്ടിൽ ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങിയ കുടുംബത്തിൻ്റെ അത്താണിയായ ഷെയ്ഖ് സുലൈമാൻ മാന്നാർ ടൗണിൽ താജ് ട്രാവൽസിന് പുറകിലുള്ള വാടകക്കെട്ടിടത്തിലാണ് സുഹൃത്തുക്കളോടൊപ്പം താമസിക്കുന്നത്.

click me!