യാത്രക്കാർക്ക് ഭീഷണിയായി തീരദേശ മേഖലയിലെ ഏറ്റവും പഴക്കമുളള വിഴിഞ്ഞം ബസ് ഡിപ്പോ

By Web TeamFirst Published Jul 11, 2021, 4:32 PM IST
Highlights

യാത്രക്കാർക്ക് ഭീഷണിയായി തീരദേശ മേഖലയിലെ ഏറ്റവും പഴക്കമുളള വിഴിഞ്ഞം ബസ് ഡിപ്പോ ഏതു നിമിഷവും തകർന്ന് വീഴുന്ന അവസ്ഥയിൽ

തിരുവനന്തപുരം: യാത്രക്കാർക്ക് ഭീഷണിയായി തീരദേശ മേഖലയിലെ ഏറ്റവും പഴക്കമുളള വിഴിഞ്ഞം ബസ് ഡിപ്പോ ഏതു നിമിഷവും തകർന്ന് വീഴുന്ന അവസ്ഥയിൽ. യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ കെഎസ്ആർടിസി അധികൃതരുടെ അനാസ്ഥ കാരണം ശവപ്പറമ്പിന് സമാനമായിരിക്കുകയാണ് തീരദേശത്തെ പേരുകേട്ട വിഴിഞ്ഞം ഡിപ്പോ. 

ബസ് ഡിപ്പോയുടെ പ്രവേശന കവാടത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങളായി. അസി. ട്രാൻസ്‌പോർട്ട് ഓഫീസർ അടക്കമുളള ജീവനക്കാർ ജോലി ചെയുന്ന കെട്ടിട സമുച്ചയത്തിന്റെ പലഭാഗങ്ങളും വിളളലുകൾ വീണിട്ടുണ്ട്. ഇരുനില കെട്ടിടം ഏതു സമയവും തകരാവുന്ന സ്ഥിതിയിലാണ്. ഈ കെട്ടിടത്തിൽ ജീവനക്കാർ പേടിയോടെയാണ് ജോലിയെടുക്കുന്നത്. 

ഒടിഞ്ഞ് തൂങ്ങിയ കസേരകൾ, കാലുകളൊടിഞ്ഞ എഴുത്ത് മേശകൾ, വെളളപൂശിയിട്ട് വർഷങ്ങളായ ചുമരുകളെല്ലാം മാറാലയടിഞ്ഞു. ഓഫീസ് മുറികളിലെ തറകൾ പൊട്ടിപ്പൊളിഞ്ഞു. കാലപ്പഴക്കംകൊണ്ട് പൊട്ടിയും ഉപയോഗ ശൂന്യമായ ശൗചാലയങ്ങൾ, ഷോക്കേൽക്കാവുന്ന തരത്തിലുളള ഇലക്ട്രിക് വയറിങ് സംവിധാനം ഇങ്ങനെ നീണ്ടുപോകുന്ന വിഴിഞ്ഞം ഡിപ്പോയുടെ ശോച്യാവസ്ഥ. 

തീരദേശവും കാർഷിക ഗ്രാമവും സമന്വയിക്കുന്ന വിഴിഞ്ഞം മേഖയിലെ സാധാരക്കാളുൾപ്പെട്ടവർക്ക് ആശ്രയമാണ് വിഴിഞ്ഞം ഡിപ്പോ. പുലർച്ചെ മുതൽ ഇവിടെ നിന്ന് നഗരത്തിലേക്കും അന്തർ ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്കും ബസ് സർവ്വീസുകൾ നടത്തുന്നയിടവുമാണ്. ക്യഷിക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും ഏറെ പ്രയോജനമുളള ബസ് റൂട്ടുകളാണ് ഇവിടെ നിന്ന് നടത്തുന്നത്. 

സമയബന്ധിതമായി സർവ്വീസുകൾ നടത്താനായി കഴിയുന്നില്ല. സാങ്കേതിക തകരാരുണ്ടായാൽ അവ പരിഹരിക്കുന്നതിന് ആവശ്യമായ സ്‌പെയർ പാർട്ട്‌സുകൾ കിട്ടാറില്ല. ഇതേ തുടർന്ന് മിക്ക ബസുകളും കട്ടപ്പുറത്താകും സ്ഥിതിയുമുണ്ട്. മത്സ്യത്തൊഴിലാളികളടക്കം നൂറുകണക്കിന് സ്ത്രീകളെത്തുന്ന ഇവിടം സുരക്ഷിതമല്ല. സിസിടിവി അടക്കമുളള സുരക്ഷയുമില്ല.

click me!