
ഗുരുവായൂർ: ആനയോട്ടത്തിൽ ഒന്നാമത് ഓടി എത്തി ഉത്സവകാലമായതിനാൽ ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയും കിട്ടും. കാര്യമൊക്കെ ശരിയാണ് പക്ഷേ ഉറക്കം വിട്ടുള്ള ഒരു ആന കാര്യവും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ബാലുവിനെ ആനക്കൊട്ടയിലേക്ക് വിശ്രമത്തിനായി കൊണ്ടുപോയി.
ആനയോട്ടത്തിൽ ജേതാവായ കൊമ്പൻ ബാലുവിന് ഉറക്കം കുറവായിരുന്നു. ഇതോടെയാണ് ആനയെ ക്ഷേത്രത്തിൽ നിന്ന് ആനക്കോട്ടയിലേക്ക് മാറ്റിയത്. ഇന്നു രാവിലെ നടന്ന ശ്രീഭൂതബലിയ്ക്കു കൊമ്പൻ ദേവദാസ് പകരക്കാരനായി. വൈകിട്ട് മുതൽ കൊമ്പൻ രവികൃഷ്ണൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തും. ഇനിയുള്ള ദിവസങ്ങളിൽ രവികൃഷ്ണന് ആയിരിക്കും ബാലുവിന്റെ ചുമതലകൾ നിർവഹിക്കുക.
ആനയോട്ടത്തിൽ വിജയിക്കുന്ന ആന ഉത്സവം എട്ടാം വിളക്കു വരെ ക്ഷേത്രത്തിന് അകത്തു തന്നെ നിന്ന് ചടങ്ങ് നടത്താറാണ് പതിവ്. ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണനയാണ് ആനയോട്ടത്തിലെ വിജയിക്ക് ലഭിക്കുക. തീറ്റയും ഉറക്കവും എല്ലാം ക്ഷേത്രത്തില്‍ തന്നെയാകും. ദേവസത്തിലെ മറ്റു ആനകളാണ് പട്ടയും മറ്റും എത്തിച്ചു നല്‍കുക. ഉത്സവം കഴിയും വരെ ക്ഷേത്രത്തില്‍ തിടമ്പേറ്റുക ഓട്ടക്കാരന്റെ അവകാശമാണ്. ക്ഷേത്രത്തിൽ ബാലുവിന് ഉറങ്ങാൻ കഴിയാത്തതിനാലാണ് ആനയെ മാറ്റിയത്. എന്നാൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ ആനയെ മാറ്റാറുണ്ടെന്നാണ് ക്ഷേത്ര അധികാരികൾ വ്യക്തമാക്കുന്നത്.
വില്ലനായ 46കാരൻ പരിവേഷത്തിൽ നിന്ന് 'ബാലു' ഓടിക്കയറിയത് നായക പരിവേഷത്തിലേക്ക്
വില്ലൻ പരിവേഷത്തിൽ നിന്നാണ് ബാലു നായകനിലേക്ക് ആദ്യമായി ഓടിക്കയറിയത് ഇത്തവണയാണ്. 1999 ജൂലൈ 16ന് ഒരുമനയൂര്‍ സ്വദേശി വി.എസ്. ബാലകൃഷ്ണനാണ് ബാലുവിനെ ഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. ഗുരുവായൂരിലെത്തിയ സമയത്ത് വില്ലന്മാരുടെ പട്ടികയിൽ ആയിരുന്ന ബാലുവിന്ന് അനുസരണയുള്ള കൊമ്പനാണ്. അതുകൊണ്ടുതന്നെ ഉത്സവങ്ങളില്‍ സ്ഥിര സാന്നിധ്യമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം