
തൃശൂർ: പെൺവേഷം കെട്ടിയെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹിതനായ യുവാവും പെൺസുഹൃത്തും തമ്മിലുള്ള ബന്ധം തെറ്റിപ്പിരിഞ്ഞതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതക ആസൂത്രണത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് വിവരം. താമസസ്ഥലം കണ്ടെത്താനാകാതെ അലഞ്ഞുതിരിഞ്ഞ പ്രതികൾ തക്കസമയത്ത് പൊലീസിന്റെ പിടിയിലായതോടെ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. അറസ്റ്റിലായവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പോലീസിന് മനസ്സിലായത്.
തൊടുപുഴയിൽവെച്ചാണ് യുവതിയും പ്രധാന പ്രതിയായ പ്രസാദും പരിചയത്തിലാകുന്നത്. പ്രസാദ് നേരത്തെ വിവാഹിതനായിരുന്നു. ഭാര്യ വിദേശത്താണ്. സ്പായിൽവെച്ചാണ് പ്രസാദ് യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായി. ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് ഇരുവർക്കുമിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവതി തെറ്റിപ്പിരിഞ്ഞ് അവിടെനിന്ന് ഗുരുവായൂരിലേക്ക് പോയി.
ഇതിനിടെ യുവതി പ്രസാദിന്റെ ഭാര്യയുമായി പരിചയം സ്ഥാപിച്ച് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തു. പ്രസാദുമായി അടുപ്പമുള്ള സമയത്ത് എടുത്ത ദൃശ്യങ്ങളും യുവതി പ്രസാദിന്റെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഇത് പ്രസാദിനും ഭാര്യയ്ക്കുമിടയിൽ പ്രശ്നങ്ങൾക്ക് കാരണമായി. കുടുംബപ്രശ്നം ഉടലെടുത്തതോടെയാണ് പ്രസാദ് പ്രതികാരത്തിനിറങ്ങിയത്.
യുവതിയുടെ പുതിയ ജോലി വിവരവും താമസസ്ഥലവും പ്രസാദിന് അറിയില്ലായിരുന്നു. ഇത് കണ്ടെത്താനാണ് പ്രസാദ് വേഷംമാറി ഗുരുവായൂരിൽ എത്തിയത്. യുവതിയെ കണ്ടെത്തി കൊലപ്പെടുത്താനായിരുന്നു ഇയാളുടെ ഉദ്ദേശം. ഇയാൾക്കൊപ്പം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മറ്റു നാലുപേരും ഉണ്ടായിരുന്നു.
ഗുരുവായൂരിലെ ലോഡ്ജിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കാറിൽനിന്ന് 16 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. തൊടുപുഴ സ്വദേശികളായ മുട്ടം ചോലമാട്ടത്തിൽ പ്രസാദ് (43) ഒറ്റപ്ലാക്കൽ ആദർശ് (23) തോട്ടുകര തെങ്ങിൽ ഷാഹിദ് (24), കാരക്കുന്നേൽ സ്റ്റീഫൻ (32), ഇടുക്കി മാത്തപ്പാറ തൈപ്പറമ്പിൽ ബിനീഷ് (30) എന്നിവരാണ് കേസിൽ അറസ്റ്റിലായ പ്രതികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam