
തൃശൂര്‍: വര്‍ഷങ്ങള്‍ക്കുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ദര്‍ശനത്തിനും പ്രസാദ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കിണര്‍ അനുബന്ധ പ്രവൃത്തികള്‍ രണ്ടാഴ്ചക്കാലം ഉണ്ടാകും. അതുവരെ നിയന്ത്രണം തുടരും. അറ്റകുറ്റപ്പണികളുടെ പൂര്‍ണ വിശദാംശങ്ങള്‍ ദേവസ്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ദര്‍ശന ക്രമീകരണ സമയങ്ങള്‍ പിന്നീടറിയിക്കുമെന്നാണ് പറയുന്നത്.
ഒടുവില്‍ വൃത്തിയാക്കിയത് 2015ല്‍
2015ല്‍ ടി.വി. ചന്ദ്രമോഹന്‍ ചെയര്‍മാനായുള്ള ഭരണസമിതിയുടെ കാലത്താണ് ഒടുവില്‍ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കിയത്. ഇത്തവണ മണിക്കിണറിന് സമീപം മഴവെള്ള സംഭരണി നിര്‍മിക്കാന്‍ നീക്കമുണ്ട്. ഇതിലെ വെള്ളം ശുചീകരിച്ച് മണിക്കിണറിലെത്തിക്കാനാണ് പുതിയ തീരുമാനമെന്നാണ് വിവരം. ക്ഷേത്രത്തിലെ അഭിഷേകത്തിനും നിവേദ്യത്തിനും മണിക്കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നതെന്നതിനാല്‍ ഇനി മഴവെള്ളസംഭരണിയെക്കൂടി ആശ്രയിക്കേണ്ടി വന്നേക്കും.
മോഷണം പോയ തിരുവാഭരണം മണിക്കിണറില്‍
2015ല്‍ മണിക്കിണര്‍ വൃത്തിയാക്കിയതും തുടര്‍ന്നുള്ള സംഭവങ്ങളും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ക്ഷേത്രത്തില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ഗുരുവായൂരപ്പന്റെ തിരുവാഭരണത്തിന്റെ ഭാഗങ്ങള്‍ അന്ന് മണിക്കിണറില്‍ നിന്ന് ലഭിച്ചിരുന്നു. 1985ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് തിരുവാഭരണം നഷ്ടപ്പെട്ടത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയ വിഷയമായിരുന്നു ഇത്. നഷ്ടപ്പെട്ട തിരുവാഭരണം പൂര്‍ണമായും ഇനിയും തിരികെ ലഭിച്ചിട്ടില്ല.
സാളഗ്രാമങ്ങളും വിഗ്രഹങ്ങളും
നിരവധി സാളഗ്രാമങ്ങളും വിഗ്രഹങ്ങളും ഈ മണിക്കിണറിലുണ്ട്. ഏറെ പവിത്രമായി സൂക്ഷിച്ചുവരുന്ന ഈ കിണറ്റില്‍ കീഴ്ശാന്തിക്കാര്‍ മാത്രമാണ് ഇറങ്ങാറുള്ളതെന്നതും പകല്‍ സമയത്ത് മാത്രമേ പ്രവൃത്തിയെടുക്കൂവെന്നതും ശ്രദ്ധേയമാണ്. രാത്രി തൃപ്പുക കഴിഞ്ഞാല്‍ ക്ഷേത്ര നാലമ്പലത്തിനകത്ത് പ്രവൃത്തികള്‍ക്കായി ആരും പ്രവേശിക്കാറുമില്ല. നൂറ്റാണ്ടുകളായി പവിത്രമായി കരുതി സൂക്ഷിച്ചു വരുന്ന ക്ഷേത്രക്കിണറിലെ വിഗ്രഹങ്ങളും സാളഗ്രാമങ്ങളും പ്രവൃത്തികള്‍ക്കൊടുവില്‍ അവിടെത്തന്നെ നിക്ഷേപിക്കുകയും ചെയ്തിരുന്നു.