നീണ്ട കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ റെയിൽവേ മേൽപ്പാല നിര്‍മ്മാണം ആരംഭിച്ചു, ഗതാഗത നിയന്ത്രണം

By Web TeamFirst Published Dec 4, 2021, 8:59 AM IST
Highlights

കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്നാരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. 462 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്‌ 8.5 മീറ്ററാണ്‌ വീതി. 

തൃശ്ശൂര്‍:  നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഗുരുവായൂർ റെയിൽവേ മേൽപ്പാലം(guruvayur railway overbridge) യാഥാർത്ഥ്യമാവുന്നു.  പാലത്തിന്‍റെ പൈലിംങ് ജോലികൾക്ക് തുടക്കമായി. മേല്‍പ്പാലമെത്തുന്നതോടെ ക്ഷേത്രനഗരിയിലെക്കുള്ള പാതയിലെ ഗതാഗതക്കുരുക്കിന്  പരിഹാരമാകും. ഒന്‍പത് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് ആർബി സി ഡി അധികൃതർ അറിയിച്ചു.  കാലതാമസം ഒഴിവാക്കാൻ  ആധുനിക സംവിധാനമായ സ്റ്റീൽ -കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രക്ചർ മാതൃക ഉപയോഗിച്ചാണ് നിർമാണം. 

കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്നാരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. 462 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്‌ 8.5 മീറ്ററാണ്‌ വീതി. ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയുമുണ്ട്. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും പദ്ധതിയിലുണ്ട്. കാലതാമസം ഒഴിവാക്കാൻ ആധുനിക സംവിധാനമായ സ്റ്റീൽ -കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രക്ചർ മാതൃകയിലാണ് നിർമാണം. 42 ഇടങ്ങളിലാണ് പൈലിങ്‌ ആവശ്യമായിട്ടുള്ളത്. 10 തൂണുകളാണ് ഉണ്ടാവുക.

നിർമാണക്കമ്പനി ചെന്നൈയിൽ  സ്റ്റീൽ തൂണുകളും ബീമുകളും തയ്യാറാക്കി ഇവിടെയെത്തിച്ച് ഘടിപ്പിക്കും. പൈലിങ്‌ ഉറപ്പിക്കുന്നതിനും പാലത്തിന്റെ സ്ലാബുകളും മാത്രമാണ്  കോൺക്രീറ്റ്. 29 കോടി രൂപ ചിലവിൽ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമ്മിക്കുന്നത്. 2013 ൽ പദ്ധതി രൂപ രേഖ തയ്യാറായെങ്കിലും സ്ഥലമേറ്റെടുപ്പിലുള്ള കാലതാമസം മൂലം നിർമ്മാണം വൈകുകയായിരുന്നു. ഒൻപത് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേല്‍പ്പാലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഗതാഗത ക്രമീകരണത്തിനാവശ്യമായ നടപടികൾ എടുത്തിട്ടുണ്ട്. എൻ കെ അക്ബർ എംഎൽഎ, കലക്ടർ ഹരിത വി കുമാർ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ എസിപി കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അതത് ദിവസത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

click me!