ഓണം അവധിക്കും വിഐപി സ്പെഷ്യൽ ദർശനത്തിന് കർശന നിയന്ത്രണം; 10,000 ഭക്തര്‍ക്ക് പ്രസാദ ഊട്ടുമായി ഗുരുവായൂർ ദേവസ്വം

Published : Aug 05, 2023, 04:28 AM ISTUpdated : Aug 05, 2023, 05:57 AM IST
ഓണം അവധിക്കും വിഐപി സ്പെഷ്യൽ ദർശനത്തിന് കർശന നിയന്ത്രണം; 10,000 ഭക്തര്‍ക്ക് പ്രസാദ ഊട്ടുമായി ഗുരുവായൂർ ദേവസ്വം

Synopsis

ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ്. രാവിലെ ശീവേലിക്കുശേഷം കൊടിമര ചുവട്ടില്‍ മേല്‍ശാന്തി ആദ്യ കുല സമര്‍പ്പിക്കും

തൃശൂര്‍: തിരുവോണത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനായിരം ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വിഐപി ദര്‍ശനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. കാളന്‍, ഓലന്‍, കായ വറവ്, മോര്, പപ്പടം എന്നിവയ്ക്ക് പുറമേ തിരുവോണ വിശേഷാല്‍ വിഭവമായി പഴം പ്രഥമനും ഉണ്ടാകും. രാവിലെ പത്തിന് പ്രസാദ ഊട്ട് ആരംഭിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നല്‍കുക. അന്നലക്ഷ്മി ഹാളിലേക്കുള്ള പൊതുവരി ഒമ്പതിന് തുടങ്ങും. രണ്ടിന് അവസാനിപ്പിക്കും.  

ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം 28ന് രാവിലെ തുടങ്ങും. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമര്‍പ്പണ ചടങ്ങ്. രാവിലെ ശീവേലിക്കുശേഷം കൊടിമര ചുവട്ടില്‍ മേല്‍ശാന്തി ആദ്യ കുല സമര്‍പ്പിക്കും. പൊതു അവധി ദിനങ്ങളില്‍ വിഐപി സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഓണാവധി ദിനങ്ങളിലും തുടരാന്‍ തീരുമാനിച്ചു. ഓണനാളുകളില്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം സാധ്യമാക്കുന്നതിനാണ് ദേവസ്വം നടപടി. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ വിഐപി ദര്‍ശനം ഉണ്ടാകില്ല. ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള ദര്‍ശനവും ഈ ദിനങ്ങളില്‍ ഉണ്ടാകില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ 21ന് രാവിലെ 6.19 മുതല്‍ എട്ടു വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ഇല്ലംനിറയുടെ തലേ ദിവസം കതിര്‍ക്കറ്റകള്‍ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയില്‍ താല്‍ക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. ഈ വര്‍ഷത്തെ തൃപ്പുത്തരി 23നു രാവിലെ 6.19മുതല്‍ എട്ടുവരെയുള്ള മുഹൂര്‍ത്തത്തിലാകും നടക്കുക. ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയാറാക്കും. ഒരു ലിറ്ററിന് 220 രൂപയാകും നിരക്ക്. മിനിമം കാല്‍ ലിറ്റര്‍ പായസത്തിന് 55 രൂപയാകും. ഒരാള്‍ക്ക് പരമാവധി രണ്ടു ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയാറാക്കുന്നതിന് ആവശ്യമായ നാളികേരം മെഷീനില്‍ ചിരകി തയാറാക്കുന്നതിന് 2,64,000 രൂപയുടെയും കൈകൊണ്ട് ചിരകി തയാറാക്കുന്നതിന് 2,28,800 രൂപയുടെയും എസ്റ്റിമേറ്റുകള്‍ ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

നാടിനാകെ മാതൃകയായി ബീമാപള്ളി മുസ്ലിം ജമാ അത്ത്; ലഹരി ഉപയോഗിച്ചാൽ കടുത്ത നടപടി, ആനുകൂല്യങ്ങൾ പോലും ലഭിക്കില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്