
അമ്പലപ്പുഴ: നട്ടെല്ലുതകർന്നു ജീവിതം പ്രതിസന്ധിയിലായ രാജേഷിന്റെ കുടുംബത്തിനു സഹായമേകാൻ വാടയ്ക്കലിൽ നടത്തിയ ഭക്ഷ്യമേളയിൽ കാരുണ്യത്തിന്റെ പ്രവാഹം. സാന്ത്വനം കൂട്ടായ്മയൊരുക്കിയ മേളയിൽ നൂറുകണക്കിനാളുകളാണ് പങ്കാളികളായത്. മേളയ്ക്കെത്തിയ എച്ച്. സലാം എം.എൽ.എ പാചകപ്പുരയിൽ പൊറോട്ടയടിച്ച് സാന്ത്വനം പ്രവർത്തകർക്ക് ആവേശം പകർന്നു. ചേന്നങ്കരി വാണിയപുരയ്ക്കൽ രാജേഷും(37) കുടുംബവും വാടയ്ക്കലിൽ വാടകയ്ക്കാണു താമസം. നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തിന് മൂന്നുകൊല്ലംമുൻപ് കെട്ടിടത്തിൽനിന്നുവീണ് നട്ടെല്ലിനു ഗുരുതര പരിക്കേറ്റിരുന്നു.
മൂന്നുവർഷത്തോളമായി കിടക്കയിലായ രാജേഷിന്റെ വീടിന്റെ നിർമാണം പൂർത്തിയാക്കാനാണ് കളർകോട് ഗുരുമന്ദിരം വാർഡിലെ ഒരുപറ്റം യുവജനങ്ങളുടെ കൂട്ടായ്മയായ സാന്ത്വനം ഭക്ഷ്യമേളയൊരുക്കിയത്. കൗൺസിലർ രമ്യാ സുർജിത്ത് രക്ഷാധികാരിയും ജെ. രാമചന്ദ്രൻ, കെ. സിനു, ആർ. രാജേഷ്, ജാസ്മിൻ മാർട്ടിൻ, സി.ജെ. യേശുദാസ് എന്നിവർ നേതൃത്വം നൽകുന്ന കൂട്ടായ്മ വാടയ്ക്കൽ ഗുരുമന്ദിരം ജങ്ഷനുസമീപമാണ് ഭക്ഷ്യമേള നടത്തിയത്. ഞായറാഴ്ച രാവിലെയാരംഭിച്ച മേള രാത്രിവരെ നീണ്ടു. ചപ്പാത്തി, പൊറോട്ട, നെയ്ച്ചോർ, ചിക്കൻ, ബീഫ്, വെജിറ്റബിൾ കറികൾ എന്നിവ മേളയിലുണ്ടായിരുന്നു. മുൻമന്ത്രി ജി. സുധാകരൻ, നഗരസഭാധ്യക്ഷ സൗമ്യാരാജ് തുടങ്ങിയവരും മേളയ്ക്കെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam