
ആര്‍പ്പൂക്കര: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏഴായിരത്തി നാനൂറോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കും. വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നീ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിൽപനയും കടത്തലും മൂന്ന് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ക്രിസ്തുമസ്, പുതുവത്സര ആഘോഷം അടുത്ത് നില്‍ക്കെ എത്തിയ പക്ഷിപ്പനി കര്‍ഷകര്‍ക്കും തിരിച്ചടിയായിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി വ്യാപകമായിരുന്നു. ആലപ്പുഴ വഴുതാനം മേഖലയിലായിരുന്നു പക്ഷിപ്പനി തുടങ്ങിയത്. ആലപ്പുപഴയില്‍ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയ സമയത്ത് ചിലര്‍ പക്ഷികളെ ഒളിപ്പിച്ചതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിരുന്നു.
ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകം; പ്രതിരോധനടപടി വിലയിരുത്താൻ കേന്ദ്ര ഏഴംഗ സംഘം ജില്ലയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam