എച്ച്1 എൻ1 ഭീഷണി മാറാതെ മുക്കം; സ്കൂളുകള്‍ തുറന്നു, പനി ലക്ഷണങ്ങളോടെ കുട്ടികള്‍

By Web TeamFirst Published Jan 13, 2020, 3:56 PM IST
Highlights

കുട്ടികളിൽ മുപ്പതോളം പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു

ഇവരെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീടുകളിലേക്ക് തിരിച്ചയച്ചെന്ന് പ്രധാനാധ്യപകൻ

കോഴിക്കോട്: എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കാരശ്ശേരി പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. അഞ്ച് ദിവസത്തെ അവധിക്ക് ശേഷമാണ് സ്കൂളുകളും അംഗണവാടികളും പ്രവർത്തനം തുടങ്ങിയത്. ക്ലാസുകൾ തുടങ്ങും മുമ്പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടേയും പ്രത്യേക യോഗവും ചേർന്നു.

ക്ലാസുകൾ വീണ്ടും തുടങ്ങിയെങ്കിലും പനി പടർന്നു പിടിച്ച ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിൽ ഹാജർനില കുറവായിരുന്നു. എച്ച് 1 എൻ വൺ ഭീതി വിട്ടൊഴിയാത്തതിനാൽ  കുട്ടികളെ സ്കൂളിൽ അയക്കാൻ പല രക്ഷിതാക്കളും തയ്യാറായില്ല.  സ്കൂളിലെത്തിയ കുട്ടികൾക്ക് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നൽകി.

ഇന്ന് ക്ലാസുകളിൽ എത്തിയ കുട്ടികളിൽ മുപ്പതോളം പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീടുകളിലേക്ക് തിരിച്ചയച്ചെന്ന് പ്രധാനാധ്യപകൻ വ്യക്തമാക്കി. പനി വ്യാപകമായതിനെ തുടർന്ന് മുക്കം ആരോഗ്യ കേന്ദ്രത്തിൽ തുടങ്ങിയ പ്രത്യേക കോൾസെന്‍ററിന്‍റെ പ്രവർത്തനം ഒരാഴ്ച കൂടി തുടരും. ജനപ്രതിനിധികളുടേയും ആശാവർക്കർമാരുടേയും നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പ്രവർത്തനങ്ങളും തുടരാനാണ് തീരുമാനം.

click me!