
തിരുവനന്തപുരം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പൊന്നാടയും ഒരുങ്ങുന്നത് പെരിങ്ങമ്മലയിൽ നിന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്രമന്ത്രിമാർക്കടക്കമുള്ള ഓണക്കോടിയായാണ് ബാലരാമപുരം കൈത്തറിയിലെ സാരിയും പൊന്നാടയും തയാറാക്കിയിരിക്കുന്നത്. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റക്സിന് നൽകിയ ഓർഡർ പ്രകാരമാണ് കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്‍റ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് ഓർഡർ ലഭിച്ചത്.
നാലാം വർഷമാണ് പ്രധാനമന്ത്രി ഉൾപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് കൈത്തറി വസ്ത്രങ്ങൾ നെയ്തു നൽകുന്നതെന്ന് സൊസൈറ്റി സെക്രട്ടറി വി.സന്തോഷ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് സ്വർണ കസവിൽ ടിഷ്യു മെറ്റീരിയലിലാണ് സാരി തയാറായത്.15 റോയൽസാരികൾ 110 പൊന്നാട, 15 റോയൽ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാർ നെയ്തെടുത്തത്. പതിനഞ്ചോളം കൈത്തറി നെയ്ത്തുകാർ 20 ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്.
നെയ്തെടുത്ത വസ്ത്രങ്ങൾ ഹാന്‍റക്സിന് കൈമാറും. ഇവിടെ നിന്നും ആറന്മുള കണ്ണാടി ഉൾപ്പടെ സംസ്ഥാനത്തെ വിവിധ കലാശില്പങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്സായാണ് നൽകുന്നത്. പ്രധാനമന്ത്രിക്കുള്ള പൊന്നാട ടിഷ്യു മെറ്റീരിയലിൽ സ്വർണ കസവ് കള്ളികളായി നെയ്തതാണ്. അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്വർണവും വെള്ളിയും കസവുകൾ ഇടകലർത്തി കള്ളികളായി നെയ്തതാണ്. ഓണക്കോടിയായി കസവ് വസ്ത്രം തെരെഞ്ഞെടുത്തത്തിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam