പ്രളയത്തിൽ തകർന്ന തൂക്കുപ്പാലം പുനർനിർമ്മിച്ചില്ല; മുക്കുട്ടുതറയിൽ നാനൂറോളം കുടുംബങ്ങൾ ദുരിതത്തിൽ

By Web TeamFirst Published Jul 23, 2019, 1:15 PM IST
Highlights

പ്രളയത്തിലും ഇവിടെ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. ഇവർക്ക് കേബിളിലൂടെയാണ് മറുകരയിൽ നിന്ന് ഭക്ഷണവും മരുന്നും എത്തിച്ചിരുന്നത്. 

പത്തനംതിട്ട: പ്രളയത്തിൽ തകർന്ന തൂക്കുപ്പാലം പുനർനിർമ്മിക്കാത്തതിനെ തുടർന്ന് ദുരിതമനുഭവിക്കുകയാണ് പത്തനംതിട്ടയിലെ മുക്കൂട്ടുതറ സ്വദേശികൾ. ശക്തമായ മഴ പെയ്താൽ ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് ഇവിടുത്തെ നാനൂറോളം കുടുംബങ്ങൾ കഴിയുന്നത്. പ്രദേശത്ത് നിലവിലുള്ള ചപ്പാത്ത് മഴക്കാലത്ത് വെള്ളത്തനടിയിലാകുന്നതും ഇവരുടെ ദുരിതത്തിന്റെ ആക്കം കൂട്ടുന്നു.

ജില്ലയിലെ റാന്നി, പെരുനാട്, വെച്ചുച്ചിറ എന്നീ പഞ്ചായത്തുകൾ അതിരുപങ്കിടുന്ന മുക്കൂട്ടുതറ അരയാഞ്ഞിലിമണ്ണിലെ തൂക്കുപാലത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ട്. പ്രളയമൊഴിഞ്ഞ് ഒരുവർഷമായിട്ടും ഒഴുകിയ പോയ പാലം അധികൃതർ പുതുക്കി പണിഞ്ഞിട്ടില്ല. പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പലവട്ടം നാട്ടുകാർ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.

പ്രളയത്തിലും ഇവിടെ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. ഇവർക്ക് കേബിളിലൂടെയാണ് മറുകരയിൽ നിന്ന് ഭക്ഷണവും മരുന്നും എത്തിച്ചിരുന്നത്. പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ ചപ്പാത്ത് വൈകാതെ വെള്ളത്തിനടിയിലാകും.1996-ൽ ജനകീയ പങ്കാളിത്തതോടെ നിർമ്മിച്ചതാണ് ചപ്പാത്ത്.

അരയാഞ്ഞിലിമണ്ണിലെ പകുതിയോളം കുടുംബങ്ങൾ ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്. മൂന്ന് ഭാഗവും വനമായതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ വേറെ മാർഗ്ഗവുമില്ല. കോൺക്രീറ്റ് പാലം നിർമ്മിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

click me!