
ഹരിപ്പാട്: കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ഒറ്റതെങ്ങിൽ കോളനിയിൽ പൊന്നൻ (70) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കരീപ്പാടം തോട്ടിൽ നിന്നും കണ്ടെത്തിയത്. പൊന്നൻ വെള്ളിയാഴ്ച രാവിലെ കൃഷി സ്ഥലത്തേക്ക് പോയി തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും കൃഷിസ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് ഹരിപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് കരീപ്പാടം തോട്ടിൽ മൃതദേഹം കണ്ടത്. സംസ്കാരം നടത്തി ഭാര്യ: ആനന്ദവല്ലി മക്കൾ: അനുരൂപ, സൗമ്യ മരുമക്കൾ: അജയൻ,രതീഷ്
അതേസമയം വയനാട് നിന്നും കാണാതായ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ വാർത്തയും ഇന്നെത്തിയിരുന്നു. കൽപ്പറ്റ പേരിയ വനമേഖലയിൽ വ്യദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. സമീപത്ത് നിന്ന് വിഷക്കുപ്പികൾ കണ്ടെത്തിയിരുന്നു.
മാനന്തവാടി തവിഞ്ഞാലിൽ നിന്നും കഴിഞ്ഞ 25 മുതൽ ഇരുവരെയും കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു ഇവരെന്ന് കുടുംബാംഗങ്ങൾ പറയുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
അടുത്തിടെ, ആങ്ങമൂഴിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രന്‍റെ മൃതദേഹമാണ് കക്കി അണക്കെട്ടിൽ നിന്നും കണ്ടെടുത്തത്. ഇക്കഴിഞ്ഞ പതിനെട്ടാം തിയതിയാണ് ഉറാനി വനത്തിലേക്ക് ഇദ്ദേഹം വനവിഭവങ്ങൾ ശേഖരിക്കാൻ പോയത്. നാല് ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധു പൊലീസിന് നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam