
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് വീട് കത്തി നശിച്ചു. ചിങ്ങോലി അംബികാഭവനത്തിൽ മഹേഷിന്റെ വീടാണ് കത്തി നശിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മൂന്നേകാൽ ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
മഹേഷും ഭാര്യയും മക്കളും സമീപത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയപ്പോഴാണ് സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ ഹരിപ്പാട് അഗ്നിശമന സേനാവിഭാഗത്തെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയുമായിരുന്നു. പലകയും ഓടും ഷീറ്റും കൊണ്ട് നിർമിച്ച രണ്ടു മുറികളും അടുക്കളയുമുളള വീടിന്റെ എൺപതു ശതമാനത്തിലധികവും കത്തിയമർന്നു.
പാചകവാതക സിലിൻഡറിലേക്ക് തീ പടരാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ടി വി ഫ്രിഡ്ജ്, ഗൃഹോപകരണങ്ങൾ വസ്ത്രങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി. ടൈൽ പണിക്കാരനായ മഹേഷിന്റെ കട്ടിങ് യന്ത്രമുൾപ്പടെയുളള പണി ആയുധങ്ങൾക്കും നാശനഷ്ടം ഉണ്ടായി. റവന്യൂ അധികൃത സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
അതേസമയം, കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്ക് സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്‍റെ ഭൂമിയിലാണ് തീപിടുത്തം. ഒരേക്കറോളം സ്ഥലത്തെ അടിക്കാട് കത്തിയമര്‍ന്നു. മാഹി, വടകര എന്നിവിടങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. നാട്ടുകാരും തീയണക്കാന്‍ ഫയര്‍ഫോഴ്സിനെ സഹായിച്ചു. രാവിലെ 11 മണിയോടെയാണ് കശുവണ്ടി വികസന കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തീ പടരുന്നതായി ശ്രദ്ധയിൽ പെട്ടത്. ആളിക്കത്തിയ തീ പെട്ടെന്ന് പടരുകയായിരുന്നു. അതിനിടെ കെട്ടിടത്തിലേക്കും തീ ഭാഗികമായി പടര്‍ന്നു പിടിച്ചു. മാഹി ബൈപ്പാസ് റോഡിലെ ഗതാഗതവും തീപിടിത്തം മൂലം മണിക്കൂറുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. പ്രദേശത്തെ തീ പൂര്‍ണ്ണമായും അടച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam