
ഹരിപ്പാട്: ജ്വല്ലറി കുത്തിത്തുറന്ന് മോഷണം പതിനാറ് പവൻ സ്വർണ്ണം അപഹരിച്ചു. ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജങ്ഷന് സമീപം ബ്രദേഴ്സ് ജ്വല്ലറിയിലാണ് ഇന്ന് പുലർച്ചെ 3.30 മോഷണം നടന്നത് ലോക്കറിന്റെ സുരക്ഷയ്ക്കായി വച്ചിരുന്ന സെൻസറിൽ നിന്ന് ഉടമയുടെ മൊബൈലിലേക്ക് സന്ദേശം ലഭിച്ചപ്പോഴാണ് മോഷണവിവരം ഉടമ പുരുഷൻ അറിഞ്ഞത്.
ഉടൻ തന്നെ സ്ഥലത്ത് എത്തിയെങ്കിലും കടയ്ക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാൻ വേഗതയിൽ പോകുന്നതായി കണ്ടതായി ഉടമ പറയുന്നു. ജ്വല്ലറിയിൽ ഡിസ്പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങൾ സമീപത്തെ കടയ്ക്ക് മുൻപിലും കടുവൻ കുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കടയും ലോക്കറും കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടക്കുള്ളിൽ ഇരുന്ന കമ്പ്യൂട്ടർ മോണിറ്ററും കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാവ് മങ്കി ക്യാപ്പും ഓവർക്കോട്ടും ധരിച്ചിരുന്നതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ആറ് മാസം മുൻപ് സമീപത്തുള്ള സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണ്ണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയിരുന്നു.
ഈ കേസിലെ പ്രതികളെയെല്ലാം പോലിസ് പിടികൂടിയിരുന്നു. ദേശീയപാതയ്ക്ക് അരികിലായുള്ള സ്ഥാപനങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വൻ മോഷണങ്ങൾ നാട്ടുകാർ ഭയപ്പാടൊടെയാണ് കാണുന്നത്. പൊലിസും, ഹൈവേ പൊലിസും രാത്രികാല വാഹന പരിശോധനയ്ക്കും നൈറ്റ് പെട്രോളിങ്ങിനും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലന്ന് പരക്കെ ആക്ഷേപമുണ്ട്.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, ഹരിപ്പാട് സിഐ ആർ ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ധർ എന്നിവരും പരിശോധന നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam