19 കാരനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്; മുഖ്യപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

By Web TeamFirst Published Oct 9, 2020, 3:42 PM IST
Highlights

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ശരത് ചന്ദ്രനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഒൻപത് വർഷത്തിനിപ്പുറം കോടതി വിധി പറഞ്ഞത്. 

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് 19 കാരനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. കൂട്ടുപ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ക്രിക്കറ്റ് കളിസ്ഥലത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ശരത് ചന്ദ്രനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഒൻപത് വർഷത്തിനിപ്പുറം കോടതി വിധി പറഞ്ഞത്. ഒന്നും രണ്ടും പ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ശാരോൺ ദാസ് എന്നിവർക്ക് ജീവപര്യന്തം കഠിന തടവും കൂട്ടുപ്രതികളായ ഹരീഷ് , സുനി‌ൽകുമാർ എന്നിവർക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. ഒന്നും രണ്ടും പ്രതികളിൽ നിന്ന് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി മരിച്ച ശരത് ചന്ദ്രന്‍റെ കുടുംബത്തിന് നൽകാനും ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.

2011 മാർച്ച് 14 ന് പള്ളിപ്പാട് പൊയ്യക്കരയിലായിരുന്നു  കേസിനാസ്പദമായ സംഭവം. കുട്ടികൾ ക്രിക്കറ്റ് കളിച്ചിരുന്ന സ്ഥലത്ത് ചിലർ കൂട്ടംകൂടി മദ്യപിക്കുന്നതിനെ ശരത് ചന്ദ്രൻ എതിർത്തു. തൊട്ടടുത്ത ദിവസം ഒന്നാം പ്രതി ശ്യാം ദാസിന്‍റെ നേതൃത്വത്തിൽ പ്രതികൾ ക്രിക്കറ്റ് കളി തടസ്സപ്പെടുത്തി. ഇത് ശരത് ചന്ദ്രൻ ചോദ്യം ചെയ്തപ്പോൾ സ്റ്റംപ് ഊരി തലയ്ക്കടിച്ചെന്നാണ് ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. മകനെ കൊന്നവർക്ക് അർഹമായ ശിക്ഷ കിട്ടിയെന്ന് ശരത്ചന്ദ്രന്‍റെ മാതാപിതാക്ക‌ൾ പറഞ്ഞു. 

click me!