
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം പുകയുന്നു.വാഗ്ദാന ലംഘനത്തിനെതിരെ തുറമുഖ നിര്‍മ്മാണ മേഖലയില്‍ വിഴിഞ്ഞം
ഇടവകയുടെ നേതൃത്വത്തില്‍ പുലിമുട്ട് നിര്‍മ്മാണം തടസപ്പെടുത്തി നടക്കുന്ന പ്രതിഷേധ സമരം ഇന്ന് 10 ദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ തയാറാകാത്തതോടെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് മത്സ്യതൊഴിലാളികള്‍.
വിഴിഞ്ഞം സൗത്ത്, നോര്‍ത്ത് മേഖലകളിലെ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇതുവരെ അധികൃതര്‍ തയാറാകാത്താണ് തീരദേശത്ത് പ്രതിഷേധം പുകയാന്‍ കാരണം.മത്സ്യതൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ തുറമുഖ നിര്‍മ്മാണത്തില്‍ പ്രധാനപ്പെട്ട പുലിമുട്ട് നിര്‍മ്മാണവും നിലച്ചിരിക്കുകയാണ്.
പ്രതിഷേധം രൂക്ഷമായതോടെ തുറമുഖത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും നീളുമെന്ന ആശങ്കയിലാണ് തുറമുഖ നിര്‍മ്മാണ കമ്പനി. പോര്‍ട്ട് ഓപ്പറേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ദിനമായ കഴിഞ്ഞ 30നാണ് സൌത്ത് മേഖലയിലെ മത്സ്യതൊഴിലാളികള്‍ ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിന് തുടക്കമിട്ടത്. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണത്തെ തുടര്‍ന്ന് ഭീഷണിയിലായ ഫിഷിംഗ് ഹാര്‍ബറിനെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, ജീവനോപാധി നഷ്ടപ്പെട്ട മത്സയതൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, പൈലിംഗിനെ തുടര്‍ന്ന് വിള്ളല്‍ വീണ 243 വീടുകളുടെ നാശനഷ്ടം പരിഹരിക്കുക, ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട മത്സ്യഅനുബന്ധ ജീവനക്കാരെ പുനരധിവസിപ്പിക്കുക, തുറമുഖത്തെ തൊഴില്‍മേഖലയില്‍ 50 ശതമാനം തദ്ദേശീയരെ നിയമിക്കുക, നഷ്ടപ്പെടുന്ന കളിസ്ഥലങ്ങള്‍ക്ക് പകരം സ്ഥലം അനുവദിക്കുക, വിദ്യാഭ്യാസ, തൊഴില്‍പുരോഗതിക്കായി മറൈന്‍ അക്കാഡമി ആരംഭിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നത്.
ഇതിന് തൊട്ടുമാറിയുള്ള നോര്‍ത്ത് മേഖലയിലും പ്രതിഷേധം ശക്തമാകുകയാണ്. ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാര്‍ നേരിട്ടെത്തി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ ഒന്നുപോലും നടപ്പിലാക്കിയില്ല എന്ന് ഇവിടത്തെ മത്സ്യതൊഴിലാളികള്‍ പറയുന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നം പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ വയ്ക്കാന്‍ തയ്യാറാകണമെന്നും വിസില്‍ എം.ഡി അടക്കമുള്ള ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനമാണ് പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന് തടസമെന്നും ഇവര്‍ ആരോപിക്കുന്നു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി കിടപ്പാടവും തൊഴിലും നഷ്ടപ്പെടുത്തിയവരായിട്ടും ഒരു അനുകമ്പയും സര്‍ക്കാരോ ഉദ്യോഗസ്ഥരോ കാട്ടുന്നില്ല. ഇനിയും കാര്യങ്ങളില്‍ അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.തുറമുഖം വേണമെന്നാണ് ആഗ്രഹമെങ്കിലും മത്സ്യതൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് തങ്ങള്‍ എതിരാണെന്നും ഇതുവരെ ലഭിച്ച ആനുകൂല്യങ്ങള്‍ മത്സ്യ തെഴിലാളികള്‍ക്കുണ്ടായ നഷ്ടത്തിന്റെ ആഘാതത്തിന് ആനുപാതികം അല്ലെന്നും ഇടവക വികാരി ഫാദര്‍ തോമസ് മൈക്കിള്‍ പറഞ്ഞു.
ഇതോടെ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം വീണ്ടും നീളുമെന്ന അവസ്ഥയിലാണ്.കല്ലിന്റെ അഭാവവും കൊവിഡ് മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്ഡൗണും കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും കാരണം നിര്‍മ്മാണം പലവട്ടം തടസ്സപ്പെട്ടെങ്കിലും സര്‍ക്കാര്‍ നല്‍കിയ ഇളവുകളോടെയാണ് തുറമുഖ നിര്‍മ്മാണം വീണ്ടും പുരോഗമിച്ചത്. ഇതിനിടെ വീണ്ടും പ്രതിഷേധ സമരം നീണ്ടതോടെ ഡ്രജറുകളും ടഗ്ഗുകളുമടക്കം യന്ത്ര സാമഗ്രികളും നിശ്ചലമായിരിക്കുകയാണ്.
ഇതുവഴി നിര്‍മ്മാണ കമ്പനിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതായി കമ്പനി അധികൃതര്‍ പറയുന്നു. ഒന്നാംഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട കണ്ടെയ്‌നര്‍ യാര്‍ഡ്, ആധുനിക മത്സ്യബന്ധന തുറമുഖം, ടെര്‍മിനല്‍ നിര്‍മ്മാണം, സേനാവിഭാഗങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ എന്നിവ ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 30 മുതല്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam