Latest Videos

റിപ്പബ്ലിക് ദിന പരേഡില്‍ ഹരിപ്പാടിന് അഭിമാനമായി മേഘനാഥ്

By Web TeamFirst Published Jan 24, 2019, 1:30 AM IST
Highlights

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായിട്ട് ജനുവരി ഒന്നു മുതല്‍ 30 വരെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് മേഘനാഥ്. നവതിയാഘോഷത്തിന് ഒരുങ്ങുന്ന സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

ഹരിപ്പാട്: ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഹരിപ്പാടിന് അഭിമാനമായി ആര്‍ മേഘനാഥും. നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മേഘനാഥ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന എട്ട് കേരള ബറ്റാലിയന്‍ എന്‍സിസി യൂണിറ്റിലെ ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര ബറ്റാലിയനെ പ്രതിനിധീകരിക്കുന്ന കൊല്ലം ഗ്രൂപ്പിലെ ഏക ജൂനിയര്‍ ഡിവിഷന്‍ കേഡറ്റും കേരളത്തിനെ പ്രതിനിധാനം ചെയ്തു പോകുന്ന ഒന്‍പത് ജൂനിയര്‍ എന്‍ സി സി കേഡറ്റുമാരില്‍ ഒരാളുമാണ്. 

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായിട്ട് ജനുവരി ഒന്നു മുതല്‍ 30 വരെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് മേഘനാഥ്. നവതിയാഘോഷത്തിന് ഒരുങ്ങുന്ന സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. എന്‍ സി സി ഓഫീസര്‍ കൂടിയായ സ്‌കൂളിലെ അധ്യാപകന്‍ സുധീറും ഹെഡ്മിസ്ട്രസ് ഗീതാകുമാരിയും മറ്റ് അധ്യാപകരും കുട്ടികളും സന്തോഷാധിക്യത്തിലാണ്. 

നന്നേ ചെറുപ്പത്തിലേ പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന മേഘനാഥ് ഉപജില്ല ,ജില്ലാതല കലോത്സവങ്ങളില്‍ മൃദംഗം, തബല, പ്രസംഗം, വൃന്ദവാദ്യം, വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചിട്ടുണ്ട്. ഷോട്ടോകാന്‍ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍. 

റിപ്പബ്ലിക് ദിന പരേഡിനിടയിലും രാഷ്ട്രപതി ഭവനിലും കലാസാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്ത 35 അംഗ സംഘത്തിലും ഉള്‍പ്പെടുത്തുന്നതിന് കേരളത്തില്‍ നിന്ന് മേഘനാഥിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഹരിപ്പാട് തുലാം പറമ്പ് നടുവത്ത് കൃഷ്ണ കൃപയില്‍ എസ്ആര്‍. രാധാകൃഷ്ണന്റെയും നടുവട്ടം വി.എച്ച് എസ് എസിലെ അധ്യാപിക മഞ്ജു വി കുമാറിന്റെയും മകനാണ് മേഘനാഥ്.

click me!