
ചാരുംമൂട്: ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും 13 കാരിയായ വിദ്യാർത്ഥിനിയെ രക്ഷിച്ച് ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ. ഇവർ പ്രതിയെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയും ചെയ്തു.
രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴ പെയ്യുമ്പോഴാണ് നൂറനാടിന് സമീപമുള്ള റോഡിൽ വച്ച് ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു.
പറയംകുളം ജംഗ്ഷനിൽ സ്കൂട്ടർ ഒതുക്കിയ യുവാവിനെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും തള്ളിയിട്ട് സ്കൂട്ടർ ഓടിച്ചു പോയി. താഴെ വീണ മഞ്ജുവിന് ചെറിയ പരിക്കുകൾ പറ്റി. ഒട്ടും തന്നെ പതറാതെ ഷാലി ഓട്ടോയിൽ യുവാവിനെ പിൻതുടർന്നു. പാറജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനിൽ എത്തിയപ്പോഴേക്കും ബാറ്ററി ചാർജ്ജ് തീർന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലി നിരാശയോടെ മടങ്ങി.
മൂന്നു ദിവസം മുമ്പ് ഇതേ പോലുള്ള സ്കൂട്ടർ നൂറനാട്ടുള്ള ചായക്കടയ്ക്ക് മുന്നിലിരിക്കുന്നത് കണ്ട് സംശയം തോന്നിയ മഞ്ജു മൊബൈലിൽ പടമെടുത്ത് നൂറനാട് പൊലീസിന് കൈമാറി. പെൺകുട്ടിയെ രക്ഷപ്പെടുത്താനും മറ്റൊന്നും നോക്കാതെ പ്രതിയെ പിടിക്കാനും ശ്രമിച്ച മഞ്ജുവിനെയും ഷാലിയെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന സുരേഷ്, വൈസ് പ്രസിഡന്‍റ് ജി അജികുമാർ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു. നൂറനാട് സി.ഐ എസ്.ശ്രീകുമാർ, എസ്.ഐ എസ്.നിതീഷ് എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.
ഉപേക്ഷിച്ച ബാഗിൽ ഒന്നര പവന്‍റെ സ്വർണ മാലയും കാൽ പവന്‍റെ മോതിരവും; തിരികെ നൽകി സുജാതയും ശ്രീജയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam