തൃശൂരിൽ ഹോട്ടലിലെ പരിശോധനക്കിടെ പുറത്തെ ഐസ്ക്രീം സൈക്കിൾ കച്ചവടക്കാരനെ കണ്ടു, നോക്കിയപ്പോൾ 'പാൻമസാല മിക്സിംഗ്'

Published : Apr 17, 2025, 11:08 PM ISTUpdated : Apr 24, 2025, 08:45 PM IST
തൃശൂരിൽ ഹോട്ടലിലെ പരിശോധനക്കിടെ പുറത്തെ ഐസ്ക്രീം സൈക്കിൾ കച്ചവടക്കാരനെ കണ്ടു, നോക്കിയപ്പോൾ 'പാൻമസാല മിക്സിംഗ്'

Synopsis

മുല്ലശ്ശേരിയിൽ ഹോട്ടൽ പരിശോധനക്കിടെയാണ് ഐസ്ക്രീം വിൽപനക്കാരനെ പിടികൂടിയത്. ഐസ്ക്രീം സ്കൂപ്പ് ചെയ്യുന്ന സ്പൂൺ ഇട്ടിട്ടുള്ള വെള്ളത്തിൽ...

തൃശൂർ: വിദ്യാർത്ഥികൾക്കും മറ്റും നൽകുന്ന ഐസ്ക്രീമിൽ പാൻ മസാല കലർത്തി വിൽപ്പന നടത്തുന്നത് ആരോഗ്യ വകുപ്പ് പിടികൂടി. മേഖലയിൽ ഇരുചക്ര വാഹനങ്ങളിൽ ഐസ്ക്രീം വിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഐസ്ക്രീമിൽ പാൻ മസാല കലർത്തിയുള്ള വിൽപ്പന പിടിയിലായത്. മുല്ലശ്ശേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ രജീഷ്, മുംതാസ്, ജിതിൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ അഞ്ചാം വാർഡിലെ അന്നകരയിൽ ഹോട്ടൽ, ലഘുഭക്ഷണശാലകൾ എന്നിവടങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് ഐസ്ക്രീം വിൽപനകാരനെയും പരിശോധിച്ചത്. ഐസ്ക്രീമിൽ നിരോധിക്കപ്പെട്ട പാൻ മസാല കലർത്തി കച്ചവടം നടത്തുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ രജീഷ് വ്യക്തമാക്കി.

അന്യ സംസ്ഥാന തൊഴിലാളികളാണ് സൈക്കിളിൽ ഐസ്ക്രീം വിൽപ്പന നടത്തുന്നത്. ഐസ്ക്രീം സ്കൂപ്പ് ചെയ്യുന്ന സ്പൂൺ ഇട്ടിട്ടുള്ള വെള്ളത്തിൽ പാൻ മസാല പാക്കറ്റുകൾ പൊട്ടിച്ച് ഇട്ടിട്ടുള്ളതായും കണ്ടെത്തി. പിടിച്ചെടുത്ത ഐസ്ക്രീം നാട്ടുകാരുടെ സാന്നിധ്യത്തിൽ കച്ചവടക്കാരനെകൊണ്ട് തന്നെ കുഴിയെടുപ്പിച്ചു മൂടി നശിപ്പിച്ചു. ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ നിന്നും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ടെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

പണിയില്ല, വരുമാനമില്ല, പക്ഷേ ലക്ഷങ്ങളുടെ വീടും കാറും; തൃശൂർകാരൻ സുനിലിന് 'പണി' വേറെ, സ്വത്തുക്കൾ കണ്ടുകെട്ടി

അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കഞ്ചാവ് സൂക്ഷിച്ചതിനും വിൽപ്പന നടത്തിയതിനുമെതിരെ കുന്നംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ സ്വത്ത് വഹകൾ കണ്ടു കെട്ടാൻ ഉത്തരവിട്ടു എന്നതാണ്. കേച്ചേരി ചിറനെല്ലൂർ മണലി മേലേതലക്കൽ വീട്ടിൽ സുനിൽ ദത്തിന്‍റെ (48) ആസ്തികൾ എൻ ഡി പി എസ് സെക്ഷൻ 68 എഫ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിന്  കുന്നംകുളം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ യു.കെ ഷാജഹാനാണ് ഉത്തരവിട്ടത്. പ്രതിയായ സുനിൽ ദത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. മാരക ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് കേരള പൊലീസ് രൂപീകരിച്ചിട്ടുള്ള ഓപ്പറേഷൻ ഡി - ഹണ്ടിന്‍റ് ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോവിന്‍റെ  നിർദ്ദേശ പ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു. 7.900 കിലോ കഞ്ചാവാണ് പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്‌ട്രോക്ക് വന്ന് തളര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ, കിഴിശ്ശേരി സ്വദേശിനിയുടെ മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി; കടുത്ത നടപടി
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി