
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ചട്ടംലംഘിച്ച് യൂണിയൻ ഓഫീസ് നിർമ്മാണം. അനുമതിക്കായി കാത്ത് നിൽക്കാതെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് കെട്ടിടം നിർമ്മിച്ചത്. നിർമ്മാണച്ചെലവ് കോളേജ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നതായും ജീവനക്കാർ ആരോപിച്ചു.
പ്രതിപക്ഷമില്ലാതെ എസ്എഫ്ഐയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെൻറെ കോളേജില്‍ നിലവിലെ യൂണിയൻ കേന്ദ്രം ഇടിച്ച് നിരത്തിയതോടെയാണ് സമാന്തരമായി ഒരു യൂണിയൻ മുറി എസ്എഫ്ഐ കെട്ടിയെടുത്തത്. കോളേജ് ക്യാമ്പസിനുള്ളിൽ റോഡ് നിർമ്മിക്കാനായിരുന്നു നിലവിലെ യൂണിയൻ കേന്ദ്രം ഇടിച്ച് നിരത്തിയത്. സമാന്തര യൂണിയന്‍ മുറി കെട്ടാനുള്ള വിദ്യാർത്ഥി സംഘടനയുടെ നടപടി തടയാൻ പ്രിൻസിപ്പലിനുമായില്ല. സിപിഎം അനുകൂല അധ്യാപക സംഘടനയിലെ അംഗവും സിൻഡിക്കേറ്റ് അംഗവുമായി പ്രിൻസിപ്പലും മൗനസമ്മതം നല്‍കിയെന്നാണ് ആരോപണം.
ഡയറക്ടറേറ്റ് ഓഫ് കൊളേജിയേറ്റ് എജ്യുക്കേഷന്‍റെ അനുമതിയുടെ പ്രിൻസിപ്പലിന്‍റെ മേൽനോട്ടത്തിൽ പിഡബ്ല്യുഡി കെട്ടിടം നിർമ്മിക്കണമെന്നിരിക്കെ പ്രിൻസിപ്പലിന്‍റെ വിശദീകരണത്തിലും പൊരുത്തക്കേടുകൾ ഏറെയുണ്ട്. നിലവിൽ കെട്ടിയെടുത്ത ഓഫീസിന് എസ്എഫ്ഐ യൂണിറ്റിന് കൊളേജ് പണം നൽകണമെന്നാവശ്യപ്പെട്ടും നേതാക്കൾ സമ്മർദ്ദം ചെലുത്തുകയാണെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. യൂണിയൻറെ വിചിത്ര ആവശ്യം സ്റ്റാഫ് കൗണ്‍സിൽ കൂടി തള്ളിയതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് പ്രിൻസിപ്പൽ. അനധികൃത നിർമ്മാണം ചട്ടവിധേയമാക്കാനുള്ള ശ്രമങ്ങളും മറുഭാഗത്ത് പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam