മഴക്കെടുതി: വയനാട്ടിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് മൂന്നര കോടിയുടെ നാശനഷ്ടം

By Web TeamFirst Published Aug 23, 2019, 6:55 PM IST
Highlights

പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയിലെ വിളമ്പുകണ്ടം സബ് സെന്ററിനും പാക്കം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ ചേകാടി സബ് സെന്ററിനുമാണ് കൂടുതല്‍ നാശനഷ്ടം നേരിട്ടത്.

കല്‍പ്പറ്റ: പ്രളയത്തില്‍ ജില്ലയിലെ 39 ആരോഗ്യസ്ഥാപനങ്ങള്‍ക്ക് മൂന്നര കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തല്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്‍ജിനീയര്‍ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇക്കാര്യം വ്യക്തമായിരിക്കുന്നത്. സംഘത്തിന്റെ വിശദമായ കണക്കെടുപ്പ് തുടരുകയാണ്.

പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പരിധിയിലെ വിളമ്പുകണ്ടം സബ് സെന്ററിനും പാക്കം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ ചേകാടി സബ് സെന്ററിനുമാണ് കൂടുതല്‍ നാശനഷ്ടം നേരിട്ടത്. അടിത്തറക്കും ചുമരിനും വിള്ളല്‍ വീണതിനാല്‍ വിളമ്പുകണ്ടം സബ് സെന്റര്‍ കെട്ടിടം ഉപയോഗ്യശൂന്യമായി. ഇരു സബ് സെന്ററുകളിലുമായി 60 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പയ്യമ്പള്ളി, മുട്ടങ്കര, ആടിക്കൊല്ലി, നീര്‍വാരം, ചെക്കോത്ത് കോളനി, തോല്‍പ്പെട്ടി, ആലൂര്‍കുന്ന്, തോണിച്ചാല്‍, എള്ളുമന്ദം, കുന്നമംഗലം, ചല്‍ക്കവകുന്ന്, പേരാല്‍, പുതുശ്ശേരിക്കടവ്, വാരാമ്പറ്റ, തവിഞ്ഞാല്‍, മക്കിമല, പുതിയേടം, പോരൂര്‍, മണിയങ്കോട്, കൊളഗപ്പാറ, ചീരാംകുന്ന്, ചൂതുപാറ, അപ്പാട്, കോലമ്പറ്റ, പള്ളിയറ, കമ്പളക്കാട്, ചുണ്ടക്കര, മില്ലുമുക്ക്, ചീക്കല്ലൂര്‍, കാവടം, താഴത്തൂര്‍ സബ് സെന്ററുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

പോരൂര്‍, വെള്ളമുണ്ട എല്‍.എച്ച്.ഐ ക്വാര്‍ട്ടേഴ്‌സുകള്‍ക്കും തരിയോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, കോട്ടത്തറ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി എന്നിവക്കും നാശനഷ്ടങ്ങളുണ്ട്. നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിലിനും കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേല്‍ക്കൂരക്കും കനത്ത മഴയില്‍ നാശം നേരിട്ടു.
 

click me!