
കല്‍പ്പറ്റ: പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ചിലരുടെ ബന്ധുക്കള്‍ അഭിപ്രായം പങ്കുവെച്ചത്. അതേ സമയം ഒരിടത്തു കൂടി തെരച്ചില്‍ നടത്തണമെന്ന് ദൂരന്തത്തില്‍ പെട്ട ഹംസയുടെ മകന്‍ പറഞ്ഞു. ഇതനുസരിച്ച് തിങ്കളാഴ്ച പുത്തുമല പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തും. അടുത്ത ദിവസം ഇവരുടെ ബന്ധുവിന്റെ വീട്ടില്‍ വിവാഹം ഉള്ളതിനാലാണ് തെരച്ചില്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
തെരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച എല്ലാ നടപടികളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൃപ്തി രേഖപ്പെടുത്തി. അഞ്ചു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചില്‍ ശ്രമങ്ങള്‍ ഫലം ചെയ്തിരുന്നില്ല. സാധ്യമായ എല്ലാ സംവിധാനങ്ങളും പുത്തുമലയില്‍ ഉപയോഗപ്പെടുത്തിയതായി യോഗം വിലയിരുത്തി. എന്‍ ഡി.ആര്‍ എഫ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, സന്നദ്ധ സേവകര്‍ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു തിരച്ചില്‍. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam