
തിരുവനന്തപുരം: മരുന്ന് വാങ്ങാന്‍ കാശില്ല. കഷ്ടപ്പാടാണ്. മക്കളില്ല, ആരുമില്ല സഹായിക്കാനെന്നും നിറകണ്ണുകളോടെ മുരളീധരൻ പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് തൃശൂര്‍ ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് കൂര്‍ക്കഞ്ചേരി സ്വദേശി മുരളീധരന്‍ മന്ത്രിയെ കാണുന്നത്. തന്‍റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. 66 വയസുള്ള ഭാര്യ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിപിഎല്‍ വിഭാഗത്തിലാണെങ്കിലും ചികിത്സാ കാര്‍ഡില്ല. മരുന്ന് വാങ്ങാന്‍ കാശില്ല. കഷ്ടപ്പാടാണ്. മക്കളില്ല, ആരുമില്ല സഹായിക്കാനെന്നും നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ഞങ്ങളുണ്ട്, സഹോദരങ്ങളായി ഞങ്ങളുണ്ട് എന്ന് പറഞ്ഞ് മന്ത്രി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ജനറല്‍ ആശുപത്രിയിലെ അവരുടെ ചികിത്സയും മരുന്നും ഉറപ്പാക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.
അതേസമയം, അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ് എം എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കൾക്കും മൂന്ന് മാസത്തിനുള്ളിൽ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ മാതാപിതാക്കൾക്കാണ് പരിശീലനം നൽകുന്നത്. എംഎസ്എ ബാധിച്ച കുട്ടികളെ ഏറ്റവും അലട്ടുന്ന പ്രശ്നമാണ് ശ്വാസകോശത്തിൽ കഫം കെട്ടുന്നത്.
ഇതിന് ഏറ്റവും ഫലപ്രദമാണ് ചെസ്റ്റ് ഫിസിയോതെറാപ്പി. പലപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകളുടെ അടുത്ത് കുട്ടിയെ എത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് കുട്ടികളുടെ രക്ഷിതാക്കൾക്ക് തന്നെ ചെസ്റ്റ് ഫിസിയോതെറാപ്പിയിൽ വിദഗ്ധ പരിശീലനം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എസ്എംഎ ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്‍ററിൽ നടന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരാണ് പരിശീലനം നൽകിയത്. 30 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. എസ്എംഎ രോഗികളുടെ ചികിത്സയ്ക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. എസ് എ ടി ആശുപത്രിയെ സെന്‍റര്‍ ഓഫ് എക്സലൻസായി അടുത്തിടെ കേന്ദ്രം ഉയർത്തിയിരുന്നു. ആദ്യമായി എസ് എ ടി ആശുപത്രിയിൽ എസ് എം എ ക്ലിനിക് ആരംഭിച്ചു.
അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. അപൂർവ രോഗം ബാധിച്ച 47 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇതുകൂടാതെ എസ് എം എ ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു.
ഇതിനോടനുബന്ധമായി മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ് എ ടി ആശുപത്രിയിൽ ജനിറ്റിക്സ് ഡിപ്പാർട്ട്മെന്റ് ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. അപൂർവ രോഗങ്ങളുടെ നിർണയത്തിനായി തെരഞ്ഞെടുത്ത തിരുവനന്തപുരം സിഡിസിയിലെ ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരം നേടിയെടുക്കാനും സാധിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിലെ പീഡിയാട്രിക് ഐസിയു വിഭാഗങ്ങളെ എസ്എംഎ തീവ്രപരിചരണത്തിന് പരിശീലനം നൽകി ശക്തിപ്പെടുത്തുവാനും പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam