ക്ഷീരമേഖലയെ തളർത്തി പ്രളയം; ഒരാഴ്ച കൊണ്ടുണ്ടായത് അരലക്ഷം ലിറ്ററിന്റെ സംഭരണ കുറവ്

By Web TeamFirst Published Aug 18, 2019, 11:47 AM IST
Highlights

പാൽ ശേഖരിക്കുന്ന ആറ് കേന്ദ്രങ്ങളാണ് മഴയിൽ തകർന്നത്. പല കേന്ദ്രങ്ങളിലേക്കും കർഷകർക്ക് പാലെത്തിക്കാൻ സാധിക്കാതിരുന്നതും ക്ഷീരമേഖലക്ക് തിരിച്ചടിയായി.

എറണാകുളം: പ്രളയക്കെടുതിയിൽ മലബാറിലെ ക്ഷീരമേഖലയ്ക്കുണ്ടായത് കനത്ത നഷ്ടം. ഒരാഴ്ചക്കിടയിൽ പാൽ സംഭരണം ശരാശരി ഒൻപത് ശതമാനമായി കുറഞ്ഞു. കർഷകരിൽ നിന്നും പാൽ ശേഖരിക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ് ക്ഷീരസംഘങ്ങൾ.

കഴിഞ്ഞ വർഷത്തെ കടത്തി വെട്ടും വിധം പാലുത്പാദനം വർധിപ്പിച്ച മിൽമക്ക് തിരിച്ചടിയായാണ് രണ്ടാം പ്രളയവും ഉണ്ടായത്. ഒരാഴ്ചക്കിടയിൽ പാൽ സംഭരണത്തിലുണ്ടായത് അരലക്ഷം ലിറ്ററിന്‍റെ കുറവാണ്. പാൽ ശേഖരിക്കുന്ന ആറ് കേന്ദ്രങ്ങളാണ് മഴയിൽ തകർന്നത്. പല കേന്ദ്രങ്ങളിലേക്കും കർഷകർക്ക് പാലെത്തിക്കാൻ സാധിക്കാതിരുന്നതും ക്ഷീരമേഖലക്ക് തിരിച്ചടിയായി.

കോഴിക്കോട് ജില്ലയിൽ മാത്രം 33 കന്നുകാലികളാണ് ചത്തത്. നോക്കാനാളില്ലാതെ ഒറ്റപ്പെട്ടവ അതിലേറെ. കരുതി വച്ച വൈക്കോലും കാലിത്തീറ്റയും പ്രളയമെടുത്തതു കാരണം എങ്ങനെയാണ് പശുക്കളെ പോറ്റുകയെന്നറിയാതെ നിൽക്കുകയാണ് കർഷകർ. പ്രളയാനന്തരം വിൽപനയിൽ ശരാശരി 25 ശതമാനം കുറവുണ്ടായി. കർഷകർക്ക് സബ്സിഡി കാലിത്തീറ്റ നൽകിയും കന്നുകാലികൾക്ക് അടിയന്തിര ചികിത്സ കൊടുത്തും തളർച്ചയെ മറികടക്കാനുള്ള ശ്രമത്തിലാണ് മിൽമ.
 

click me!