കോഴിക്കോട് വൻ കഞ്ചാവ് വേട്ട: ആറു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

By Web TeamFirst Published Aug 18, 2019, 8:49 AM IST
Highlights

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കുവേണ്ടി കൊണ്ടുവന്നതായിരുന്നു കഞ്ചാവ് 

കോഴിക്കോട്: നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കുവേണ്ടി കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധർശിനെ നല്ലളം പൊലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഡൻസാഫ് ചേർന്ന് അറസ്റ്റ് ചെയ്തു. 6.580 കിഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. 

നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി  അരീക്കാട് മീഞ്ചന്ത റോഡരികിൽ ഇയാൾ  കഞ്ചാവ് വിൽപനക്കായി കൊണ്ടു വന്നിട്ടുണ്ടെന്ന് നല്ലളം പോലീസിന്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ ആസൂത്രണ നീക്കത്തിനൊടുവിലാണ് ആറര കിലോയിലധികം കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്. 

ബാഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശിയായ യുവാവാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ലഹരി മാഫിയക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും പൊലീസ് വ്യക്തമാക്കി. 

click me!