
ആലപ്പുഴ: കനത്ത മഴയിൽ നെൽകൃഷി ആലപ്പുഴയില്‍ നശിച്ചത് ഏക്കറുകണക്കിന് കൃഷി. താമരക്കുളം ഗ്രാമപഞ്ചായത്തിലെ പുഞ്ചവാഴ്‍ക പുഞ്ചയിലെ ഏക്കർ കണക്കിനു സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് താമരക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ കണ്ണനാകുഴിഭാഗത്ത് കൃഷി ചെയ്തിതിരുന്ന കൊയ്യാൻ പാകമായ നെൽകൃഷി നശിച്ചത്.
നെൽകൃഷിക്ക് പേരുകേട്ട പുഞ്ചപ്പാടമായ പുഞ്ചവാഴ്കപ്പുഞ്ചയിൽ ഓണത്തിന് കൊയ്യാൻ പാകമാകുന്ന നെല്ലിനമായിരുന്നു കൃഷി ചെയ്തിരുന്നത്. കർഷകരായ പ്രകാശ്, അംബിക, അഷ്റഫ് പുന്നത്തറയിൽ എന്നിവരാണ് കൃഷിയിറക്കിയിരുന്നത്.പ്രകാശിന്‍റെ മൂന്നര ഏക്കറിലെ കൊയ്ത്തിനു പാകമായ നെൽകൃഷി പൂർണ്ണമായും വെള്ളം കയറി നശിച്ചു. 90 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഓണം നെല്ലിനമാണ് വിതച്ചിരുന്നത്. ഇതിനു പുറമെ ഒരേക്കറിലെ തീറ്റപ്പുൽകൃഷിയും നശിച്ചു.
അംബികയുടെ 25 സെന്‍റിലെ നെൽകൃഷിയും പച്ചക്കറി കൃഷിയും നശിച്ചു. അഞ്ച് ഏക്കറിൽ നെൽകൃഷിയിറക്കിയ അഷ്റഫിന്‍റെ കൊയ്ത്തിനു പാകമായ നെല്ലാണ് വെള്ളപ്പൊക്കത്താൽ നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കർഷകർ പറയുന്നു. പുഞ്ചവാഴ്ക പുഞ്ചയിൽ മുമ്പ് നടത്തിയിരുന്ന ഇഷ്ടികചൂളകളും, പുഞ്ചയുടെ മധ്യത്തിലൂടെ ഒഴുകുന്ന തോട്ടിൽ മീൻ പിടുത്തക്കാർ വലയിട്ടതും വെള്ളം ഉയരാൻ കാരണമായി കർഷകർ ചൂണ്ടിക്കാട്ടി.
വലയിട്ടതുമൂലം വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും, മഴവെള്ളവും, കിഴക്കൻ വെള്ളവും ഒഴുകിയെത്തിയപ്പോൾ വയലിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. കനാലിന്‍റെ ഗതിമുടക്കി മീൻപിടിക്കുന്നതിനായി വലയിടുന്നത് നിർത്തലാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam