
ആലപ്പുഴ: ആശുപത്രിയിൽ എത്തിക്കാൻ വീട്ടിലെ വെള്ളക്കെട്ട് തടസ്സമായതോടെ നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് സംഭവം. തലവടി ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. മുട്ടോളം വെള്ളത്തിലായ സ്ഥലത്തേക്ക് യഥാസമയം വാഹനം എത്തിക്കാനായില്ല. വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓമനക്കുട്ടന്റെ വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിനാൽ സംസ്കാരം പിന്നീടേക്ക് മാറ്റി.
കനത്ത മഴ: റോഡപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂരിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ റോഡ് അപകടത്തിൽ ഒരാൾ മരിച്ചു. ഇരിട്ടിക്കടുത്ത് ഉളിയിൽ വച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ കീച്ചേരി സ്വദേശി ഷിബിൻ കുമാർ എന്നയാളാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഷിബിൻ. കനത്ത മഴയിൽ ഇദ്ദേഹത്തിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. ബൈക്കിൽ നിന്ന് വീണ ഷിബിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
നെടുമ്പാശേരി അപകടം: കുഴികൾ അടയ്ക്കാതിരുന്ന മഴ കാരണം; വീഴ്ച സമ്മതിച്ച് കരാർ കമ്പനി
മഴയിൽ വീട് തകർന്ന് മരണം
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കനത്ത മഴയിൽ വീട് തകർന്ന് വീണ് ആദിവാസി വയോധികൻ മരിച്ചു. ചിറ്റൂർ കൊല്ലംക്കാട് സ്വദേശി പെരുമാൾ ലച്ചി (80) ആണ് മരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് രാവിലെയാണ് വീട് തകർന്ന് വീണത്. എന്നാൽ ശിരുവാണി പുഴയിൽ വെള്ളം കൂടുതലായതിനാൽ പുഴ മുറിച്ച് കടക്കാൻ സാധിക്കുന്നില്ല. അതിനാൽ ഈ തകർന്ന വീട്ടിലേക്ക് എത്താൻ കഴിഞ്ഞില്ല.