ജലനിരപ്പ് ഉയരുന്നു, കൃഷി നാശവും ഗതാഗത തടസവും; ദുരിതത്തിലായി കുട്ടനാട്ടുകാര്‍

By Web TeamFirst Published Jul 21, 2019, 10:34 PM IST
Highlights

ജലനിരപ്പ് ഉയർന്നതോടെ പ്രധാന റോഡുകൾ വെളളത്തിനടിയിലായി. ജലനിരപ്പ് ഉയർന്നതോടെ രണ്ടാം കൃഷിയിറക്കിയ പാടങ്ങൾ മടവീഴ്ചാ ഭീഷണിയിലാണ്. 

ആലപ്പുഴ: ശക്തമായ മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി തുടങ്ങി. രണ്ടാം കൃഷിയിറക്കിയ പാടങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാണ്. തോരാതെ പെയ്യുന്ന മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് വര്‍ദ്ധിക്കുകയും ചെയ്തതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ശക്തമായ മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിന്‍റെ വരവ് കൂടിയതോടെ തോടുകളും ആറുകളും നിറഞ്ഞ് കവിഞ്ഞു. 

ജലനിരപ്പ് ഉയർന്നതോടെ പ്രധാന റോഡുകൾ വെളളത്തിനടിയിലായി. സംസ്ഥാന പാതയേയും എസി റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നീരേറ്റുപുറം- മുട്ടാര്‍-കിടങ്ങറ, എടത്വ-തായങ്കരി-കൊടുപ്പുന്ന എന്നീ റോഡുകളില്‍ വെള്ളം കയറി. മിക്ക ചെറു റോഡുകളും വഴികളും വെള്ളത്തിനടിയിലായതോടെ കുട്ടനാട്ടിൽ ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. 

ഈ നില തുടർന്നാൽ എസി റോഡിന്‍റെ  പല ഭാഗങ്ങളും അടുത്ത ദിവസങ്ങളിൽ വെള്ളത്തിൽ മുങ്ങാനാണ് സാധ്യത. ജലനിരപ്പ് ഉയർന്നതോടെ രണ്ടാം കൃഷിയിറക്കിയ പാടങ്ങൾ മടവീഴ്ചാ ഭീഷണിയിലാണ്. വിവിധ കൃഷിഭവന്‍റെ കീഴിലായി ഏകദേശം പതിനായിരത്തോളം ഹെക്ടറിലാണ് ഇക്കുറി രണ്ടാം കൃഷിയിറക്കിയിട്ടുള്ളത്. പുഞ്ച കൃഷിയിൽ വൻ വിളവ് ലഭിച്ചതോടെ കടുത്ത ഉത്സാഹത്തോടെ കൂടുതൽ സ്ഥലങ്ങളിലാണ് ഇക്കുറി രണ്ടാം കൃഷിയിറക്കിയിരുന്നത്. 

click me!