കനത്ത മഴ: കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

By Web TeamFirst Published Jun 11, 2019, 9:14 PM IST
Highlights

റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്‍കി

കല്‍പ്പറ്റ: കാലവര്‍ഷം ശക്തമായതിന് പിന്നാലെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്‍കി.

അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലും കനത്തകാറ്റും കടൽക്ഷോഭവും തുടരുകയാണ്. മലപ്പുറത്ത് കടലിൽ വീണ് യുവാവ് മരിച്ചു. നാളെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു.

പടിഞ്ഞാറൻ തീരത്ത് ആശങ്ക വിതച്ച് വായു ചുഴലിക്കാറ്റിന്റെ പ്രയാണം തുടരുന്നു. അറബിക്കടലിൽ ലക്ഷദ്വപിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ അർദ്ധരാത്രിയോടെയാണ് വായു ചുഴലിക്കാറ്റായി മാറിയത്. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനവും ജാഗ്രതയിലാണ്.

അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ മേഖലകളിൽ 12 സെമി മഴ വരെ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

click me!