കനത്ത മഴ; ബൈപാസിൽ റോഡ് ഇടിഞ്ഞ് വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു

By Web TeamFirst Published Jun 16, 2020, 9:52 AM IST
Highlights

തുടർന്ന് ആറ് വരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്ന് വിട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ  അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ്  ഇരുപതടിയോളം നീളത്തിൽ റോഡിന്റെ വശങ്ങൾ തകർന്നു ഇടിഞ്ഞ് താഴ്ന്നത്. 

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ബൈപാസ് സർവീസ് റോഡ്  തകർന്നു വീണത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴക്കൂട്ടം - കാരോട് ബൈപാസിന്റെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിഭാഗത്താണ് റോഡ് തകർന്നത്. വെങ്ങാനൂർ ഏലയുടെ ഭാഗമായിരുന്ന താഴ്ന്ന ചതുപ്പ് നിലം മണ്ണിട്ട് നികത്തിയാണ് സർവീസ് റോഡ് നിർമ്മിച്ചിരുന്നത്. സർവീസ് റോഡിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടത് പ്രദേശവാസികളെ ബുദ്ധിമുട്ടിലുമാക്കിയിരിക്കുകയാണ്. റോഡ് ഇടിഞ്ഞു താഴ്ന്ന് അടിഞ്ഞ് കൂടിയ ടൺ കണക്കിന് ചെളി  മാറ്റി റോഡ് പൂർവ്വസ്ഥിതിയിൽ ആക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് .

ബൈപാസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഏലായിലേക്ക് ഒഴുക്കി വിടാനായി രണ്ട് പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കുത്തിയൊഴുകിയെത്തിയ വെള്ളവും ചെളിയും അടിഞ്ഞതാണ് റോഡ് തകരാൻ കാരണം. വെള്ളം ഒഴുകി പോകാനുള്ള  പൈപ്പ് ചെളി നിറഞ്ഞ് അടഞ്ഞതോടെ സർവീസ് റോഡിൽ വെള്ളം പതിനഞ്ചടിയോളം ഉയർന്നു. തുടർന്ന് ആറ് വരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്ന് വിട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ  അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ്  ഇരുപതടിയോളം നീളത്തിൽ റോഡിന്റെ വശങ്ങൾ തകർന്നു ഇടിഞ്ഞ് താഴ്ന്നത്. 

രണ്ട് കൂറ്റൻ ജനറേറ്റർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞും മൂന്ന് ജെ.സി.ബി കൾ ഉപയോഗിച്ച്  ചെളി മാറ്റിയും നിരവധി തൊഴിലാളികളെ ഉപയോഗിച്ച് തകർന്ന ഭാഗം പനർനിർമ്മിക്കാനുള്ള  ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. കോവളം ബൈപാസിൽ തലയ്ക്കോട് വരെയുള്ള ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയാക്കി ഗതാഗതത്തിനായി ജനത്തിന് തുറന്നുകൊടുത്ത സർവ്വീസ് റോഡ് മഴക്കാലത്ത് തകർന്ന് താഴ്ന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ജനത്തിന് ഗതാഗതത്തിനായി നിർമ്മിച്ച് നൽകുന്ന ബൈപാസിലെ സർവീസ് റോഡുകളുടെ നിർമ്മാണം അശാസ്ത്രീയമാണെന്ന്  തുടക്കം മുതലെ ആരോപണമുയർന്നിരുന്നു.
 

click me!