മലയോര മേഖലയിൽ അതിശക്തമായ മഴ; ബോണക്കാട് പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, കെഎസ്ആർടിസി ബസ് ഉൾപ്പടെ കുടുങ്ങി

Published : Jul 24, 2025, 05:32 PM IST
kerala raim havoc

Synopsis

സേനാംഗങ്ങൾ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിൽ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോരങ്ങളിൽ കനത്തമഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മരം വീണ് ബോണക്കാട് റൂട്ടിൽ ഗതാഗതതടസമുണ്ടായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാണിത്തടത്ത് നിന്നും ബോണക്കാട് പോകുന്ന വഴിയിലാണ് വന്മരം റോഡിലേക്ക് പതിച്ചത്. 

വലിയ ശിഖരങ്ങൾ ഉൾപ്പടെ റോഡിൽ നിറഞ്ഞതോടെ എതിർവശം കാണാൻ പോലും സാധിക്കാത്തവിധത്തിലായിരുന്നു. ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാർ വിളിച്ചറിയിച്ചതോടെ വിതുര യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. 

സേനാംഗങ്ങൾ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനൊടുവിൽ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം വീണ സമയത്ത് വാഹനങ്ങൾ കടന്ന് പോകാത്തതിനാൽ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു. തിരുവനന്തപുരത്തെ മലയോര മേഖലയിലെ മറ്റിടങ്ങളിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലടക്കം ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരത്ത് മുന്നറിയിപ്പൊന്നുമില്ലെങ്കിലും മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. നാളെ തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

അടുത്ത രണ്ടു ദിവസം തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇതിനിടെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ജൂലൈ 28വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു