മലപ്പുറത്ത് മഞ്ഞ അലര്‍ട്ട്; കനത്ത മഴയ്ക്ക് സാദ്ധ്യത

By Web TeamFirst Published Apr 19, 2019, 1:07 PM IST
Highlights


പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും നിർദേശമുണ്ട്. 

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. മിന്നലോടു കൂടിയ ശക്‌തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ്  ഉരുൾപൊട്ടാൻ സാധ്യതാ മുന്നറിയിപ്പുള്ളത്. 

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും നിർദേശമുണ്ട്. വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്‌ക്ക് 2 മുതൽ വൈകിട്ട് 8 വരെ അടുത്ത 5 ദിവസം ശക്‌തമായ മിന്നലിനു സാധ്യതയുണ്ടെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസ്സായ സ്‌ഥലത്ത് കളിക്കാൻ വിടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

മിന്നലിന് സാദ്ധ്യതയുണ്ടെങ്കില്‍ ഉടനെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ജനലുകളും വാതിലുകളും അടച്ചിടാന്‍ ശ്രദ്ധിക്കുക. ലോഹ വസ്തുക്കളുടെ സാമീപ്യം ഒഴിവാക്കുക. ഫോണ്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മിന്നലുള്ള സമയങ്ങലിലെ കുളി ഒഴിവാക്കുക. മിന്നലുള്ള സമയങ്ങളില്‍ ഉയര്‍ന്ന മരങ്ങള്‍ക്കടിയില്‍ നില്‍ക്കാതിരിക്കുക. മിന്നലുള്ള സമയങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്. 

കേരളത്തില്‍ ശനിയാഴ്ചവരെ മഴ തുടരും. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ മൂന്ന് ജില്ലകളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്നു ഡിഗ്രിവരെ ചൂട് കൂടാന്‍ സദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

click me!