
മലപ്പുറം: കീഴാറ്റൂരിൽ കടകളിലേക്ക് ഇരച്ചുകയറി കാട്ടുപന്നിക്കൂട്ടം. ഒടുവിൽ വെടിവെച്ചുകൊന്ന് അധികൃതർ. കീഴാറ്റൂർ തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് ജങ്ഷനിലെ വാസ്‌കോ കോംപ്ലക്‌സിലേക്കാണ് പത്തോളം വരുന്ന കാട്ടുപന്നികൾ എത്തിയത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലൂടെയെത്തിയ പന്നികൾ നിരവധി വ്യാപാര സ്ഥാപനങ്ങളും ജനസേവന കേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കയറുകയായിരുന്നു. ഇതോടെ നാട്ടുകാർ കെട്ടിടത്തിന്റെ മുൻവശത്തെ ഷട്ടർ താഴ്ത്തി. രക്ഷപ്പെടാൻ വഴിയില്ലാതായതോടെ പന്നികൾ അകത്ത് കുടുങ്ങി.
പന്നികൾ എത്തുന്ന സമയത്ത് കെട്ടിടത്തിൽ നിരവധി ആളുകളുണ്ടായിരുന്നെങ്കിലും ഇവർ മുകൾ നിലയിലൂടെ പുറത്തെത്തുകയായിരുന്നു. കോംപ്ലക്‌സിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ പന്നികൾ നശിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബേക്കറി, ജനസേവന കേന്ദ്രം, മൊബൈൽ ഷോപ്പ്, റൂറൽ സൊസൈറ്റി ബാങ്ക്, എൻജിനീയറുടെ ഓഫിസ്, റബർ ബോർഡ് ഓഫിസ്, കർട്ടൻ ഷോപ്പ്, ടൈലർ ഷോപ്പ്, ക്വാർട്ടേഴ്‌സ് എന്നിവയാണ് മൂന്ന് നിലയുള്ള കെട്ടിടത്തിലുള്ളത്. മേലാറ്റൂർ പൊലീസ്, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് അധികൃതർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി. വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയുള്ള കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, സെക്രട്ടറി എസ്. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെക്കാൻ അനുമതിയുള്ള മങ്കട കൂട്ടിലിലെ സംഘത്തെ സ്ഥലത്തെത്തിച്ചു.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുഴുവൻ പന്നികളെയും വെടിവെച്ച് കൊല്ലുകയായിരുന്നു. പന്നികളുടെ മൃതദേഹങ്ങൾ മണ്ണുമാന്തി യന്ത്രത്തിൽ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഉച്ചക്ക് ശേഷം സംസ്‌കരിച്ചു. സംഭവമറിഞ്ഞതോടെ നിരവധി പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. വ്യാപാരസമുച്ചയത്തിന് മുൻവശത്ത് പ്രധാന വഴി അടക്കാവുന്ന രീതിയിൽ ഷട്ടറുണ്ട്. പന്നികൾ അകത്തേക്ക് കയറിയതോടെ ഈ ഷട്ടർ താഴ്ത്തിയതിനാൽ പന്നികൾ പുറത്തിറങ്ങാനാവാതെ കുടുങ്ങി.
ജീവനക്കാർ ഒന്നാം നിലയിൽനിന്നുള്ള കോണിപ്പടി വഴിയാണ് രക്ഷപ്പെട്ടത്. ആളുകൾ ബഹളം വെച്ചതോടെ പന്നികൾ തലങ്ങും വിലങ്ങും ഓടി. ഉച്ചയോടെയാണ് വെടിവെക്കാൻ അനുമതിയുള്ള മങ്കട കൂട്ടിലിലെ സംഘമെത്തി വെടിവെച്ച് കൊന്നത്. ജനപ്രതിനിധികളും പൊലീസും വില്ലേജ് ഓഫിസ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വ്യാപാരസ്ഥാപനങ്ങളു ടെ എല്ലാ ഷട്ടറുകളും താഴ്ത്തിയതിനാൽ സാധനസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ജഡങ്ങൾ സംസ്‌കരിക്കാൻ കൊണ്ടുപോയ ശേഷം രക്തം പരന്ന ബിൽഡിങ്ങിന്റെ ഉൾഭാഗം നാല് മണിക്കൂർ സമയമെടുത്താണ് വൃത്തിയാക്കിയത്.
പന്നികളെത്തിയ 300 മീറ്ററിനുള്ളിൽ ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുണ്ട്. സമീപത്തായി ഹയർ സെക്കൻഡറി സ്‌കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾ സമയമായതിനാൽ ജങ്ഷനിൽ കുട്ടികളുണ്ടായിരുന്നില്ല. അരിക്കണ്ടംപാക്ക് പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. ഇത് ചൂണ്ടിക്കാട്ടി നവകേരള സദസ്സിലുൾപ്പെടെ കർഷകർ പരാതി നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam