
കൊച്ചി: എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറയിൽ കാട്ടാനക്കൂട്ടം എത്തി. പ്രദേശവാസിയായ കുഞ്ഞപ്പന്റെ വീട്ടുമുറ്റം വരെ ആനക്കൂട്ടം എത്തി. ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് എത്തിയത്. പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വാഴ അടക്കമുള്ളവ നശിപ്പിച്ചു. മറ്റ് ഇടങ്ങളിലും കൃഷിനാശം വരുത്തിയിട്ടുണ്ട്.
കോതമംഗലം - പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ ഭാഗത്തും പുലർച്ചെ രണ്ട് കാട്ടു കൊമ്പൻമാർ എത്തി തെക്കെപുന്നമറ്റത്ത് ജോസഫിൻ്റെ വീട്ടുമുറ്റത്താണ് ആനകൾ എത്തിയത്. അവിടെ നിന്ന് പിന്നീട് പനങ്കര ഭാഗത്തേക്ക് പോയി. നാട്ടുകാരും പൊലീസും വനപാലകരും ചേർന്ന് ആനകളെ കാട്ടിലേക്ക് തുരത്തി.