
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ വെടിക്കെട്ട് നടത്തിപ്പിനായി ഭാരവാഹികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ജില്ലാ ഭരണകൂടം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ടിനായി പെസോ(പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) അംഗീകരിച്ച രൂപത്തിലുള്ള സംഭരണമുറി(മാഗസിൻ)യില്ലെന്നുൾപ്പടെയുള്ള പോരായ്മകൾ കാണിച്ചായിരുന്നു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന തെക്കുമംഗലത്തിന്റെ ദേശക്കൂത്തിന് അനുമതിക്കായും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
തോൽപ്പാവക്കൂത്തിന്റെ അവസാന ദിവസമായ മാർച്ച് 1 ന് ആണ് ചിനക്കത്തൂരിൽ പൂരം കൊടിയേറുന്നത്. മാർച്ച് 2 ന് പൂരം പറയെടുപ്പ് തുടങ്ങും. കേരളത്തിന്റെ ടൂറിസം കലണ്ടറിൽ വരെ ഇടം പിടിച്ച ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരം മാർച്ച് 12 നാണ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam