കൊവിഡ്: ബത്തേരിയില്‍ അതീവ ജാഗ്രത; വ്യാപാര സ്ഥാപനത്തില്‍ എത്തിയവരെ തേടി ജില്ല ഭരണകൂടം

By Web TeamFirst Published Jul 27, 2020, 5:25 PM IST
Highlights

ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധന നടത്താനാണ് നീക്കം. സ്ഥാപനത്തിലെ 15 തൊഴിലാളികള്‍ക്കും സ്വകാര്യ ആശുപത്രിയിലെ ഒരു ആംബുലന്‍സ് ഡ്രൈവര്‍ക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 

കല്‍പ്പറ്റ: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സുല്‍ത്താന്‍ബത്തേരിയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. ടൗണിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെത്തിയവരെ കണ്ടെത്താനാണ് ഒടുവില്‍ ജില്ല ഭരണകൂടത്തിന്റെ നീക്കം. ടൗണിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂലൈ അഞ്ച് മുതല്‍ സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധന നടത്താനാണ് നീക്കം. സ്ഥാപനത്തിലെ 15 തൊഴിലാളികള്‍ക്കും സ്വകാര്യ ആശുപത്രിയിലെ ഒരു ആംബുലന്‍സ് ഡ്രൈവര്‍ക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരുടെ രോഗബാധ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. നാലുപേര്‍ തിങ്കളാഴ്ചത്തെ പട്ടികയിലായിരിക്കും വരിക. ഇവിടത്തെ തൊഴിലാളികളായ മറ്റു രണ്ടുപേര്‍ക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍നിന്നാണ് മറ്റുള്ള തൊഴിലാളികള്‍ക്കും രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. 89 സാംപിളുകള്‍ പരിശോധിച്ചതിലാണ് 15 പേരുടെ ഫലം പോസിറ്റീവായത്. ഇതോടെ ഈ സ്ഥാപനത്തിലെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും. ചരക്കെടുക്കുന്നതിനും മറ്റുമായി ഈ സ്ഥാപനത്തില്‍ ഒട്ടേറെപ്പേരെത്തിയതിനാല്‍ രോഗികളുടെ സമ്പര്‍ക്കപ്പട്ടിക വലുതായേക്കും. ഇവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനും പരിശോധന നടത്തുന്നതിനുമുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ശനിയാഴ്ച ഈ സ്ഥാപനത്തിലെ രണ്ട് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച ഉടനെ തന്നെ ബത്തേരി ടൗണ്‍ (24, 23, 15 വാര്‍ഡുകള്‍) കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. 

രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ട്രേഡിങ് സ്ഥാപനത്തില്‍നിന്ന് ചരക്കെടുത്ത് കച്ചവടം ചെയ്തവരടക്കം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സ്ഥാപനത്തിലേക്ക് ചരക്കെടുക്കുന്നതിനായി കോഴിക്കോട് വലിയങ്ങാടിയില്‍ പോയപ്പോഴാണ് തൊഴിലാളികള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ച മുമ്പ് പനി ലക്ഷണങ്ങളെത്തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ വിവരമറിഞ്ഞയുടന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ഇടപെടലിലൂടെയാണ് രോഗബാധ കണ്ടെത്തിയത്. 

ടൗണിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ കല്ലുവയല്‍ സ്വദേശി (37) യാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇദ്ദേഹം രോഗികളുമായി കോഴിക്കോട്ടെ ആശുപത്രികളില്‍ പോയിട്ടുണ്ട്. എവിടെനിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തിയിട്ടില്ല. സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ, നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കോട്ടക്കുന്നിലെ വയോജനപാര്‍ക്കിലായിരിക്കും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. നമ്പര്‍: 9048154453.

ആലിക്കുട്ടിയുടെ കടയിൽ ചായക്ക് ഇപ്പോഴും അഞ്ച് രൂപ; പ്രമേഹ രോഗികൾക്ക് കട്ടൻ ഫ്രീ !

click me!