
ഇടുക്കി: പലതരം മോഷ്ടാക്കളാണ് നാട്ടിലെമ്പാടും ഉള്ളത്. എന്നാല്‍ ഇന്നലെ ഇടുക്കിയിലെ ഹൈറേഞ്ചില്‍ രണ്ട് മോഷ്ടാക്കള്‍ സിസിടിവിയില്‍ കുടുങ്ങി. അവര്‍ മറ്റൊന്നും മോഷ്ടിച്ചില്ല, വിലകൂടിയ പൂക്കളുള്ള ചെടികളല്ലാതെ. കഴിഞ്ഞ ദിവസം രാത്രിയില്‍ രാജാക്കാട് പനയ്ക്കത്തൊട്ടിയില്‍ സ്‌പൈസസ് പാര്‍ക്കിലെത്തിയ സംഘം ആയിരക്കണക്കിന് രൂപ വിലമതിയ്ക്കുന്ന ചെടികളാണ് അപഹരിച്ചത്.
നിരവധിയായ മോഷണങ്ങളും മോഷ്ടാക്കളെയും ഹൈറേഞ്ച് കണ്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതി സ്‌നേഹികളായ രണ്ട് മോഷ്ടാക്കളാണ് ഇപ്പോള്‍ താരം. സ്വര്‍ണ്ണവും പണവുമൊന്നും ഇവര്‍ക്ക് വേണ്ട പകരം പ്രകൃതി മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന വിലകൂടിയ ചെടികള്‍ മതി. ഇതിനായി പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെത്തിയാണ് മോഷണം.
ചെടിയാണെങ്കിലും മോഷണം, മോഷണം തന്നെയാണ്. അതുകൊണ്ട് പ്രഫഷണല്‍ മോഷ്ടാക്കളുടെ എല്ലാ മുന്‍കരുതലുകളും എടുത്ത് രാത്രിയുടെ മറവിലാണ് ഇവര്‍ എത്തുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ രാത്രികാല കാവല്‍ ഇല്ലാത്തതിനാല്‍ സിസിടിവി നിരീക്ഷണം ഉറപ്പാണ്. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാത്ത വിധത്തില്‍ മുഖം മറച്ചാണ് അകത്തുകടക്കുക.
പിന്നെ തങ്ങള്‍ക്കാവശ്യമുള്ള വിലകൂടിയ ചെടികള്‍ തപ്പിയെടുത്ത് കടക്കും. ഒരുവിധത്തിലുമുള്ള നാശ നഷ്ടവും വരുത്താതെ തികച്ചും പ്രകൃതിയോടിണങ്ങിയ മോഷണം. കഴിഞ്ഞ ദിവസം രാജാക്കാട് പ്രവര്‍ത്തിക്കുന്ന പനക്കത്തൊട്ടിയില്‍ സ്‌പൈസസ് ഗ്രാഡനില്‍ രാത്രിയിലെത്തിയ മോഷ്ടാകള്‍ ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ കുടുങ്ങിയെങ്കിലും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇപ്പോഴും അജ്ഞാതരാണ്.
പതിനയ്യായിരത്തിലധികം വിലവരുന്ന ചെടികളാണ് ഇവിടെ നിന്നും ഇവര്‍ മോഷ്ടിച്ചത്. സ്ഥാപനമുടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രകൃതി സ്‌നേഹകളായ മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് നാട്ടുകാരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam