പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി ഹയർ സെക്കൻഡറി അധ്യാപകർ

Web Desk   | Asianet News
Published : Jun 03, 2020, 11:00 PM IST
പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് കൈത്താങ്ങായി ഹയർ സെക്കൻഡറി അധ്യാപകർ

Synopsis

ഏഴു ലക്ഷം രൂപാ ചെലവിലാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. രണ്ട് ബെഡ് റൂമുകളും അടുക്കളയും അടങ്ങുന്ന വീടിന്റെ നിർമ്മാണം 5 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. 

ചുങ്കത്തറ: കഴിഞ്ഞ പ്രളയത്തിന് ശേഷം സേ ഇംപ്രൂവ്‌മെന്റ് പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പിൽ വച്ചാണ് പ്രളയത്തിൽ വീടും ഉപജീവന മാർഗ്ഗങ്ങളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ അധ്യാപകർക്ക് എന്തു ചെയ്യാനാവും എന്ന ചർച്ച നടന്നത്. ഇതിനൊടുവിൽ പ്രളയത്തിൽ വീട് നഷ്ടമായ ഒരു ഹയർ സെക്കൻഡറി വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകാൻ അധ്യാപകർ തീരുമാനിച്ചു. 200 ഓളം ഹയർ സെക്കൻഡറി സസ്യ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മയാണ് മലപ്പുറം ബോട്ടണി ടീച്ചേഴ്‌സ് അസോസിയേഷൻ. 

അകാലത്തിൽ വിട്ടുപിരിഞ്ഞ അബ്ദുൾ സലിം മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിനുള്ള ക്വിസ് മത്സരം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കൽ, അദ്യാപകർക്കായി സെമിനാറുകൾ സംഘടിപ്പിക്കൽ അടക്കം പല ജീവകാരുണ്യ, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് എം.ബി.ടി.എ. മലപ്പുറം ജില്ലയിൽ പ്രളയത്തിൽ വീട് തകർന്നു പോയവരിൽ നിന്നും അർഹരെ കണ്ടെത്താൻ നിയമിച്ച കമ്മിറ്റി തെരഞ്ഞെടുത്ത വിദ്യാർത്ഥിനിക്കാണ് വീട് നൽകുന്നത്. ഈ അന്വേഷണം എത്തിച്ചേർന്നത് ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനി തെബിൻഷായിലും കുടുംബത്തിലുമാണ്.

ഏഴു ലക്ഷം രൂപാ ചെലവിലാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. രണ്ട് ബെഡ് റൂമുകളും അടുക്കളയും അടങ്ങുന്ന വീടിന്റെ നിർമ്മാണം 5 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അധ്യാപകരുടെ സാമൂഹ്യ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തമാവുകയാണ് ഈ ഹയർ സെക്കൻഡറി അധ്യാപക കൂട്ടായ്മ. ഷാം.കെ   ചെയർമാനും പ്രദീപ് കൺവീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയത്.

ലോക്ക്ഡൗൺ മനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പെട്ടിയിൽ പി.വി.അബ്ദുൾ വഹാബ് എം.പി. താക്കോൽ ദാനം നിർവ്വഹിച്ചു. യോഗത്തിൽ പ്രസിഡന്റ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ സുധീർ, റവ.ഫാദർ മത്തായി, പി ടി എ പ്രസിഡന്റ് സുകുമാരൻ സെക്രട്ടറി പി.ജാഫർ,കെ.ഷാം, എം.പ്രകാശ്, അഹമ്മദ് കബീർ, സജീഷ് വർക്കി, , ബീനാ ടി.ചെറിയാൻ, അനിത ടീച്ചർ, മാത്യു ജെ ഫിലിപ്പ്, കെ.പി അബ്ദുൾ നാസർ, അബ്ദുൾ സലിം ,പി.വിദ്യാധരൻ സിദ്ധിക്, ബിജു ,ധന്യടീച്ചർ, എന്നിവർ സംസാരിച്ചു

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ