
ഷൊര്‍ണൂര്‍: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൊച്ചിൻപാലം പൊളിച്ച് മാറ്റാനുള്ള നീക്കവുമായി ഷൊർണ്ണൂർ നഗരസഭ. സ്വാതന്ത്ര്യപൂർവ്വ കേരളത്തിലെ വേറിട്ട് നിന്ന നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച ആദ്യത്തെ റെയിൽവേ പാലമായിരുന്നു കൊച്ചിൻപാലം. പാലക്കാടിനേയും തൃശ്ശൂരിനേയും ബന്ധിപ്പിക്കുന്ന പാലം ഷൊർണ്ണൂരിലാണ്. പാലം പണിക്ക് മുന്നിട്ടിറങ്ങിയത് കൊച്ചി രാജാവായതിനാൽ പിൽക്കാലത്തത് കൊച്ചിൻ പാലമെന്നറിയപ്പെടുകയായിരുന്നു.
ചരിത്രത്തേയും വർത്തമാനത്തേയും ബന്ധിപ്പിക്കുന്ന തീവണ്ടി ചക്രങ്ങളുരുണ്ട ആദ്യത്തെ റെയിൽവേ പാലം ചിലപ്പോള്‍ ഒരോര്‍മ്മ മാത്രമായി മാറിയേക്കും. മലബാറിൽ മാത്രമുണ്ടായിരുന്ന റെയിൽവേ സംവിധാനം കൊച്ചിയിലേക്ക് നീട്ടാൻ മുൻകൈയ്യെടുത്തത് കൊച്ചിരാജാവ് രാമവർമ്മയാണ്. ചെലവിന് മുന്നിൽ കൈമലർത്തിയ ബ്രിട്ടീഷുകാർക്ക് അദ്ദേഹം പണം നൽകിയത് തൃപ്പൂണിത്തറ ക്ഷേത്രത്തിലെ സ്വർണ്ണം വിറ്റാണ്. അങ്ങനെ 1902ൽ പാലം പൂർത്തിയായി.
ആനമലയിൽ നിന്നും കുതിച്ചെത്തിയ നിളയെ കീറിമുറിച്ചു പണിത ഈ പാലം സാക്ഷിയായത് കേരളത്തിന്റെ സാംസ്കാരിക വളർച്ചക്കുകൂടിയാണ്. ഈ പാലത്തിന്റെ കരയിലാണ് കലാമണ്ഡലവും ഉയർന്നത്. എന്നാൽ, ഒരു നൂറ്റാണ്ടിന്‍റെ പൈതൃകപ്പെരുമയുടെ അടയാളം പൊളിച്ചു നീക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഷൊർണ്ണൂർ നഗരസഭ. 2011 ലാണ് പാലത്തിന്‍റെ ഒരു ഭാഗം പുഴയിലേക്കടർന്ന് വീഴുന്നത്. തകർന്നതറിയാതെ ബൈക്കിലെത്തിയ രണ്ട് പേർ അന്ന് പുഴയിൽ വീണ് മരിച്ചു.
പാലത്തിന്‍റെ ഭാഗങ്ങൾ ജലമലിനീകരണമുണ്ടാക്കുന്നു എന്നതാണ് പൊളിച്ചു മാറ്റാനുള്ള കാരണമായി നഗരസഭ മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇത് പൊളിച്ചുമാറ്റാതെ സംരക്ഷിക്കണമെന്ന് കൊച്ചിൻ ബ്രിഡ്ജ് ക്ലബ്ബ് എന്ന സംഘടന ആവശ്യപ്പെടുന്നു. മലബാറിൽ നിന്ന് കൊച്ചിയിലേക്കുള്ള ഒരു പാത മാത്രമായിരുന്നില്ല ഈ പാലം. കേരളം കേരളമാവുന്നതിന്‍റെ ഒരു പ്രധാന പങ്ക് കൂടിയാണ്. എല്ലാം പൊളിച്ച് കളയാനെളുപ്പമാണ്, കാത്ത് സൂക്ഷിക്കാനാണ് പാടെന്നും കൊച്ചിൻ ബ്രിഡ്ജ് ക്ലബ്ബ് പറയുന്നു.