
കോട്ടയം: പാലായിൽ വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ കാറുടമ ഡമ്മി പ്രതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങി. പാലാ സ്വദേശിയായ ജോർജ്‍കുട്ടി ആനിത്തോട്ടമാണ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. ഡമ്മി പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്. സംഭവത്തിൽ ഇരുവർക്കുമെതിരെ ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തു.
ബുധാഴ്ചയാണ് പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപം അമിത വേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കും ഓട്ടോയും ഇടിച്ചു തെറിപ്പിച്ചത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് കാർ പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വാഹന ഉടമയായ ജോർജുകുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി. സംഭവം നടന്ന അന്ന് താനല്ല വാഹനം ഓടിച്ചതെന്ന് ജോർജുകുട്ടി അവകാശപ്പെട്ടു. മറ്റൊരാളുടെ വിവരങ്ങൾ നൽകുകയും ചെയ്തു. എന്നാൽ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഡമ്മി പ്രതിയാണെന്ന് വ്യക്തമായി. ജോർജുകുട്ടിയാണ് കാർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോർജുകുട്ടി നിലവിൽ ഒളിവിലാണ്.