
തിരുവനന്തപുരം: ഇന്ന് കണ്ണട ഉപയോഗിക്കാത്തവർ വിരളമാണ്. കാഴ്ചക്കുറവിന് മാത്രമല്ല കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള മുൻകരുതലായും കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ബ്രാൻഡുകളുടെ പ്രീമിയം കണ്ണടകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്, എച്ച് എൽ എൽ ഒപ്റ്റിക്കൽസ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് നടത്തുന്ന എച്ച് എൽ എൽ ഒപ്റ്റിക്കൽസ് ഗുണമേന്മയുള്ള കണ്ണടകളും ലെൻസുകളും സാധാരണക്കാർക്ക് വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് എച്ച് എൽ എൽ ഒപ്റ്റിക്കൽസ് ഔട്ട്ലെറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
2011 ഒക്ടോബറിൽ തുടങ്ങിയ സ്ഥാപനത്തിന്‍റെ തുടക്കം മുതൽ ഇതുവരെ വിപണിവിലയിൽ നിന്നും 40 ശതമാനം വിലക്കുറവിലാണ് കണ്ണടകൾ വിൽക്കുന്നത്. 200 രൂപ മുതൽ 15000 രൂപ വരെ വില വരുന്ന ഫ്രെയിമുകളും 330 രൂപ മുതൽ 30000 വിലയുള്ള ലെൻസുകളും ഇവിടെ നിന്നും വാങ്ങാനാകും. ഇതിൽത്തന്നെ 0 മുതൽ മൈനസ് 2 വരെ പവർ വരുന്ന സാധാരണ ലെൻസുകൾ 860 രൂപയാണ്. ഡേ ആൻഡ് നൈറ്റ്, യുവി പ്രൊട്ടക്ഷൻ ഉള്ള ലെൻസുകൾക്ക് വെറും 3500 രൂപയുമാണ് എച്ച് എൽ എൽ ഒപ്റ്റിക്കൽസിൽ ഈടാക്കുന്നത്. 850 രൂപ മുതൽ 2000 വരെയുള്ള സൺഗ്ലാസുകളും ഇവിടെ ലഭ്യമാണ്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നിലവിൽ എച്ച് എൽ എൽ ഒപ്റ്റിക്കൽസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഈ മാതൃക വിജയിച്ചതോടെ മറ്റ് സംസ്ഥാനങ്ങളും എച്ച് എൽ എൽ ഒപ്റ്റിക്കൽസിന്‍റെ സേവനം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. തുടർന്ന് ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കും എച്ച് എൽ എൽ ഒപ്റ്റിക്കൽസിന്‍റെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam